ദുബായ്- അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്തുകയെന്ന ദൗത്യവുമായി അത്യാധുനിക ഹോവര്‍ ബൈക്കുകള്‍ ദുബായ് പോലീസിന്റെ ഭാഗമാകുന്നു. ബൈക്കുകള്‍ കൈകാര്യം ചെയ്യാന്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം തുടങ്ങി. കലിഫോര്‍ണിയയിലെ ഹോവര്‍സര്‍ഫ് കമ്പനിയാണ് സ്‌കോര്‍പിയന്‍3 ഹോവര്‍ ബൈക്ക് നിര്‍മിക്കുന്നത്.
ദുബായ് പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിത്. ബൈക്ക് പോലെ യാത്രികനു സ്വയം ഓടിച്ചുപോകാം. ഭൂമിയില്‍നിന്നു നിയന്ത്രിക്കാനും സംവിധാനമുണ്ട്. സഞ്ചാരപഥം നിരീക്ഷിക്കാനും അടിയന്തര ഘട്ടത്തില്‍ താഴെയിറക്കാനും സംവിധാനമുണ്ട്. ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റും വാഹനങ്ങളുടെ മുകളിലൂടെ അതിവേഗം പറന്നെത്താം.
വേള്‍ഡ് എക്‌സ്‌പോ നടക്കുന്ന 2020 ല്‍ ഇതു സേനയുടെ ഭാഗമാകും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യ ബൈക്കുകള്‍ എത്തുമെന്നു ദുബായ് പൊലീസിലെ നിര്‍മിതബുദ്ധി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖി പറഞ്ഞു.
കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ ഹോവറിന്റെ സീറ്റിനും ഹാന്‍ഡിലിനും ബൈക്കിനോടു സാമ്യം. 4 റോട്ടറുകള്‍. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണ്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം.