നവകേരള നിര്‍മിതിക്ക് കുവൈത്തില്‍നിന്ന് 16 കോടി കൂടി

കുവൈത്ത് സിറ്റി- പ്രളയാനന്തര കേരളത്തിന്റെ നവ നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് മലയാളികള്‍ 16,44,35,624 രൂപ കൂടി നല്‍കി. നേരത്തെ വ്യക്തികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കോടികള്‍ക്ക് പുറമെയാണിത്. കുവൈത്തിലെ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവകേരള നിര്‍മിതി സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അയച്ചതിന്റെ രേഖകള്‍ നോര്‍ക്ക ഡയറക്ടര്‍ രവി പിള്ളക്ക് കൈമാറി. സ്ഥാപനങ്ങളും വ്യക്തികളും നല്‍കിയ സംഭാവനകള്‍ അവയില്‍പ്പെടും.
30 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം. അടുത്ത ഓഗസ്റ്റ് വരെ ധനശേഖരണം തുടരുമെന്ന് രവി പിള്ള അറിയിച്ചു. ചില സ്ഥാപനങ്ങള്‍ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തി സഹകരിച്ചതായും അദ്ദേഹം അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ലോകകേരള സഭാ അംഗങ്ങളായ വര്‍ഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട്, തോമസ് മാത്യു കടവില്‍, ഷറഫുദ്ദീന്‍ കണ്ണേത്ത്, ശ്രീംലാല്‍, ബാബു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

 

Latest News