മക്കയില്‍ ബാലന്‍ മുങ്ങിമരിച്ചു; റിയാദ് എയര്‍പോര്‍ട്ടില്‍ ചോര്‍ച്ച

ഖഫ്ജിയില്‍ മേല്‍ക്കൂര തകര്‍ന്ന പെട്രോള്‍ ബങ്ക്.

മക്ക - കനത്ത മഴയ്ക്കിടെ സൗദിയില്‍ പലയിടത്തും നാശനഷ്ടം. മക്ക പ്രവിശ്യയിലെ അദമില്‍ വെള്ളക്കെട്ടില്‍ വീണ് ബാലന്‍ മുങ്ങിമരിച്ചു. അദമിലെ അല്‍ജാഇസ വാദി ഗസ്‌വാനിലാണ് അപകടം. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് മക്കയില്‍ നിന്ന് അല്‍ജാഇസയില്‍ എത്തിയ കുടുംബത്തിലെ രണ്ടു കുട്ടികള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇതില്‍ ഒരാളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. പതിനാലുകാരനെ രക്ഷപ്പെടുത്തുന്നതിന് സാധിച്ചില്ല.  
ലൈത്തില്‍ മഴക്കിടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് സൗദി യുവതിക്ക് പരിക്കേറ്റു. ഇരുപതുകാരിയെ ലൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെഡ് ക്രസന്റ് ആംബുലന്‍സ് സ്ഥലത്തെത്തുന്നതിനു മുമ്പായി യുവതിയെ പിതാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അല്‍ബാഹ അല്‍അഖീഖില്‍ വാദി അഅ്ശബില്‍ ഒഴുക്കില്‍ പെട്ട പിക്കപ്പില്‍ കുടുങ്ങിയ 11 അംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ശഅ്‌റാ വാദി അശ്ഹതില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധനെയും മഖ്‌വായിലെ വാദി അല്‍അഹ്‌സിബയില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയ 50 കാരനെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

http://malayalamnewsdaily.com/sites/default/files/2018/11/10/p2airp.jpeg

 റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ മഴക്കിടെ ചോര്‍ച്ചയുണ്ടായപ്പോള്‍.

 

കനത്ത മഴക്കിടെ ഖഫ്ജിയില്‍ പെട്രോള്‍ ബങ്കിന്റെ മേല്‍ക്കൂര നിലംപതിച്ചു. പ്രിന്‍സ് നായിഫ് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണ് തകര്‍ന്നത്. ബങ്ക് ജീവനക്കാര്‍ അടക്കം ആര്‍ക്കും പരിക്കില്ല. ഖഫ്ജിയില്‍ വെള്ളം കയറിയ വീടില്‍ നിന്ന് നാലംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസം ലഭ്യമാക്കി.
റിയാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ച മഴക്കിടെ ചോര്‍ച്ചയുണ്ടായത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ദുരിതം സമ്മാനിച്ചു. രണ്ടാം നമ്പര്‍ ടെര്‍മിനലിലെ ആഗമന ടെര്‍മിനലിലാണ് ചോര്‍ച്ചയുണ്ടായത്. ബാഗേജ് പരിശോധനാ ഏരിയയിലും മറ്റുമാണ് മേല്‍ക്കൂരയില്‍നിന്ന് വെള്ളം ചോര്‍ന്നൊലിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചോര്‍ച്ച എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

 

Latest News