ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ബി.ജെ.പി പ്രതിഷേധം ശക്തം; മുഖ്യമന്ത്രി വിട്ടു നിന്നു

ബെംഗളുരു- കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷ പരിപാടികള്‍ ശനിയാഴ്ച രാവിലെ തുടങ്ങിയതോടെ  ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ശക്തമാ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആഘോഷ പരിപാടി നടക്കുന്ന മഡികേരിയില്‍ പ്രതിഷേധിച്ച നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ടിപു ജയന്തി ആഘോഷിക്കുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെതിരെയാണ് ബി.ജെ.പി പ്രതിഷേധം. പരിപാടിസ്ഥലത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ക്ഷണ പത്രം ഇല്ലാത്തവര്‍ക്ക് പരിപാടി സ്ഥലത്തേക്ക് പ്രവേശനമില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ആരോഗ്യ കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശം മാനിച്ച് മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി പരിപാടിയില്‍ വിട്ടു നില്‍ക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  

ടിപു ജയന്തി ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ബി.ജെ.പി നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര പോരാളിയാണെന്ന് ചരിത്രം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അമ്പലങ്ങള്‍ തകര്‍ക്കുകയും ചെയ്തയാളാണെന്ന പ്രചാരണവുമായാണ് ബി.ജെ.പി രംഗത്തുള്ളത്. കാലങ്ങളായി സംഘപരിവാര്‍ ടിപുവിനെ നടത്തുന്ന ഈ പ്രചരണത്തിന് ചരിത്ര പിന്‍ബലമില്ല.
 

Latest News