തേജ്പ്രതാപ്-ഐശ്വര്യ വിവാഹം തകര്‍ച്ചയില്‍

ന്യൂദല്‍ഹി- ഏതാനും മാസം മുമ്പ് ഏറെ ആഡംബരങ്ങളോടെ നടത്തിയ തേജ്പ്രതാപ് യാദവ്-ഐശ്വര്യ വിവാഹം തകര്‍ച്ചയില്‍. വിവാഹ മോചനത്തിന് ബന്ധുക്കള്‍ അനുമതി നല്‍കാത്തപക്ഷം വീട്ടിലേക്കില്ലെന്നാണ് ആര്‍.ജെ.ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ മകനായ തേജ്പ്രതാപ് പറയുന്നത്.
മെയ് 12 നാണ് ആര്‍.ജെ.ഡി എം.എല്‍.എ ചന്ദ്രിക റായിയുടെ മകളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം. ഐശ്വര്യയുമായി നേരത്തേ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് തയാറായതെന്നും തേജ്പ്രതാപ് വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ശനിയാഴ്ച ബോധ്ഗയയിലെ ഹോട്ടലില്‍ വെച്ചാണ് തേജ് പ്രതാപ് ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ലാലു പ്രസാദ് യാദവ് നിലവില്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹ മോചനം നേടാനുള്ള മകന്റെ തീരുമാനത്തില്‍ ലാലു പ്രസാദ് യാദവ് നിരാശനാണെന്ന് പറയപ്പെടുന്നു.
 

 

Latest News