Sorry, you need to enable JavaScript to visit this website.

ചുറ്റുവട്ടത്തിലേക്ക് തിരിച്ച ക്യാമറയുമായി അകിയ കോമാച്ചി

വീട്ടിനു മുന്നിലെ മരങ്ങളിലെത്തുന്ന കിളികളായിരുന്നു അകിയയെ ആദ്യം വിസ്മയിപ്പിച്ചത്. അവയുടെ ചലനങ്ങളും കിളിനാദവും സഞ്ചാരവുമെല്ലാം മനഃപാഠമാക്കിയ, അകിയയുടെ കുഞ്ഞുമനസ്സിൽ പിന്നീടുദിച്ച ചോദ്യമായിരുന്നു എന്തുകൊണ്ട് ഇവയെ ക്യാമറയിൽ പകർത്തിക്കൂടാ. അതെ, ഈ ചിന്തയാണ് അകിയാ കോമാച്ചി എന്ന പതിനൊന്നുകാരിയായ കുട്ടി ഫോട്ടോഗ്രഫറുടെ ജനനത്തിനു പിന്നിലെ ആദ്യത്തെ കഥ. 


പിതാവും പ്രശസ്ത ഫോട്ടോഗ്രഫറുമായ അജീബ് കോമാച്ചിയും സഹോദരങ്ങളും ഫോട്ടോഗ്രഫർമാരുമായ അഖിൽ കോമാച്ചിയും അഖിൻ കോമാച്ചിയും പൂർണ പിന്തുണയുമായി കുഞ്ഞുപെങ്ങളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ അകിയയുടെ ക്യാമറ കിളികളിൽനിന്ന് പിന്നീട് പ്രകൃതിയുമായി ബന്ധപ്പെട്ട പല പല ജീവികളെയും അന്വേഷിച്ചുപോകാൻ തുടങ്ങി.

അങ്ങനെ ക്യാമറയുമായി അകിയ വീടിനു തൊട്ടടുത്തെ കരുമകൻ കാവിലേക്ക് കയറി. അവിടത്തെ ജീവികളും പ്രകൃതിയുമെല്ലാം ക്യാമറക്കുള്ളിലാക്കിയതോടെ പിന്നീട് മൂര്യാട്, കടലുണ്ടി, ചാലിയം എന്നീ സ്ഥലങ്ങളിലേക്കായി യാത്ര, അവിടെ വിരുന്നിന്നെത്തുന്ന പക്ഷികളും തുമ്പികളും പൂമ്പാറ്റകളും ഞെണ്ടുകളുമെല്ലാം നേരിട്ടുകാണുന്നതെങ്ങനെയോ അതുപോലെ ചിലപ്പോൾ അതിലും മനോഹരമായി അകിയയുടെ ക്യാമറക്കണ്ണുകളിലൂടെ പടങ്ങളായി മാറി.

കൈത്തഴക്കം വന്ന പിതാവിനോളം മകൾ വളർന്നുവെന്ന് ഈ ചിത്രങ്ങൾ കണ്ട പിതാവിന്റെ സുഹൃത്തുക്കളടക്കമുള്ളവർ സാക്ഷ്യപ്പെടുത്തിയതോടെയാണ് എല്ലാവർക്കു മുന്നിലും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന തീരുമാനത്തിൽ അകിയയും അകിയയുടെ കുടുംബാംഗങ്ങളും എത്തുന്നത്. അങ്ങനെയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ മൂന്നു ദിവസത്തെ ഫോട്ടോപ്രദർശനം -നെയ്ബറിംഗ്- നടത്തിയത്. 


ഫോട്ടോഗ്രഫിയെ പിതാവിലൂടെ ചെറുപ്പം മുതലെ അടുത്തറിഞ്ഞുവെങ്കിലും അതിനപ്പുറം ജന്മനാ ഇത്തരമൊരു വാസനയുള്ള ആളാണ് താനെന്ന് ഈ ഫോട്ടോ പ്രദർശനം കണ്ടിറങ്ങിയവരെല്ലാം ഒരേപോലെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളായിരുന്നു നെയ്ബറിംഗിലുണ്ടായിരുന്നത്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് വലിയ ഈച്ച അഥവാ ഈച്ചയെ ക്യാമറയുടെ സാങ്കേതികത പരമാവധി  ഉപയോഗപ്പെടുത്തി, ഏറ്റവും അടുത്തേക്ക് സൂം ചെയ്‌തെടുത്ത ചിത്രം.

അതുപോലെ ഞണ്ടിന്റെ കാലുകൾ കടപ്പുറത്തെ പൂഴിപ്പരപ്പിൽ പതഞ്ഞുകിടക്കുന്ന ചിത്രവുമെല്ലാം. ഒരു കുട്ടിയുടെ നിഷ്‌കളങ്കതയിലൂടെയാണ് അകിയയുടെ ക്യാമറ പ്രകൃതിയെ ചിത്രീകരിക്കുന്നത്. ഈ ചിത്രങ്ങളെ മനോഹരമാക്കുന്ന മറ്റൊരു പ്രധാന കാര്യവും ഒരു കുട്ടിത്തം വീടാത്ത മനസ്സ് നാം അകിയയുടെ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോഴും നമ്മെ തേടിയെത്തുന്നുവെന്നുള്ളതാണ്.


മലയാള ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ മറ്റൊരു വ്യത്യസ്തത കൂടിയാണ് നവംബർ ആദ്യവാരത്തിൽ കോഴിക്കോട്ട് നടന്ന അകിയയുടെ നെയ്ബറിംഗ് ഫോട്ടോഗ്രഫി പ്രദർശനം. ഇത്രയും ചെറുപ്രായത്തിൽ ഫോട്ടോഗ്രഫിയിലെത്തുകയും ഒരു പ്രദർശനം സംഘടിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫർ എന്നതാണത്.


ഫാറൂഖ് കോളേജിനടുത്ത് കരിങ്കല്ലായിലെ വെനർനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസിലെ വിദ്യാർഥിനിയാണ് അകിയാ കൊമാച്ചി. നെയ്ബറിംഗ് ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനത്തിനുമുണ്ടായിരുന്നു ഒരു വ്യത്യസ്തത. പതിനൊന്നു വയസ്സ് പിന്നീടുന്ന ഈ കുട്ടി ഫോട്ടോഗ്രഫറുടെ ഫോട്ടോ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുവാൻ ഒന്നിച്ചെത്തിയത്, മലയാളത്തിലെ പ്രമുഖ ഫോട്ടോഗ്രഫർമാരായ ചോയിക്കുട്ടി, പി. മുസ്തഫ, വി ആലി, നന്ദകുമാർ മൂടാടി, ജോൺ കുന്നത്ത്, സുനിൽ ഇൻഫ്രൈം എന്നിവരായിരുന്നു. മലയാള ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ച ഈ മഹാരഥന്മാരുടെ അനുഗ്രഹത്തിലൂടെയാണ് അകിയയുടെ ഫോട്ടോഗ്രഫി പ്രദർശനം തുടങ്ങിയത്. 

Latest News