കൊണ്ടോട്ടി- മലബാറിൽനിന്നുള്ള സൗദിയിലെ പ്രവാസികൾക്ക് ആശ്വാസവുമായി കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നു.തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവീസ് നടത്താനാണ് തീരുമാനം. വരുന്ന ഒക്ടോബറിൽ സർവീസ് ആരംഭിക്കും. പതിവ് യാത്രക്കാർക്ക് പുറമെ ഉംറ,ഹജ് തീർത്ഥാടകർക്കും ജിദ്ദയിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാവും.
കഴിഞ്ഞ 2015 ഏപ്രിൽ 30 മുതൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂർ-ജിദ്ദ സെക്ട്റിൽ സർവ്വീസ് നിലച്ചത്. പിന്നീട് സൗദിയിലെ ദമാം,റിയാദ് മേഖലയിലേക്ക് വരെ നേരിട്ട് സർവ്വീസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂർ-ജിദ്ദ സെക്ടറിലേക്ക് ആകാശ ദൂരം കൂടുതലായതിനാൽ ചെറിയ വിമാനങ്ങൾക്ക് പറന്നെത്താൻ പ്രയാസമാവുകയായിരുന്നു. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് അഞ്ചുമണിക്കൂർ വിശ്രമമില്ലാതെ പറക്കാൻ ചെറിയ വിമാനങ്ങൾക്ക് കഴിയില്ല.എന്നാൽ ദമാം,റിയാദ് മേഖലയിലേക്ക് ദൂരം കുറവായതിനാൽ പ്രയാസമില്ല.
നിലവിൽ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് കണക്ഷൻ സർവ്വീസ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. അല്ലാത്തവർ നെടുമ്പാശ്ശേരിയിലെത്തി വേണം നേരിട്ട് പറക്കാൻ. ഉംറ,ഹജ് തീർത്ഥാടകരും മറ്റുവിമാനത്താവളങ്ങളിൽ മണിക്കൂറുകൾ ഇറങ്ങി കാത്തിരുന്നാണ് ജിദ്ദയിലെത്തുന്നത്. നേരിട്ട് വിമാനമെത്തുന്നതോടെ ഈ പ്രയാസങ്ങളെല്ലാം ദൂരീകരിക്കും.420 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനമായിരുന്നു നേരത്തെ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയിരുന്നത്.
തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചത്. ഈ ശ്രേണിയിൽപ്പെട്ട 13 വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം.വിമാനം ലഭ്യമായാൽ കരിപ്പൂർ-ജിദ്ദ സർവീസിനാണ് എയർ ഇന്ത്യ മുൻഗണന നൽകുക. ഇക്കോണമി ക്ലാസിൽ 162 സീറ്റുകളും ബിസിനസ് ക്ലാസിൽ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ആഴ്ച്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.യാത്രക്കാർ വർധിക്കുന്നത് അനുസരിച്ച് സർവ്വീസ് വർധിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. മലബാറിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമാവും എയർഇന്ത്യയുടെ പുതിയ സർവ്വീസ്.