Sorry, you need to enable JavaScript to visit this website.

തീയതി രേഖപ്പടുത്താത്ത ഉല്‍പന്നങ്ങള്‍ വിറ്റു; ഭക്ഷ്യവിതരണ സ്ഥാപനത്തിന് പിഴ

അൽബാഹ - വാണിജ്യ വഞ്ചനാ കേസിൽ വ്യാപാര സ്ഥാപനത്തിന് അൽബാഹ ക്രിമിനൽ കോടതി പിഴ ചുമത്തി. സൗദി വനിത സ്വന്ദല ബിൻത് ഇശ്ഖ് ബിൻ മുഹമ്മദ് അൽഗാംദിയുടെ ഉടമസ്ഥതയിൽ അൽബാഹയിലെ അൽഅഖീഖിൽ പ്രവർത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനമായ സ്വന്ദല അൽഗാംദി ഫുഡ്സ്റ്റഫ് എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ ചുമത്തിയതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയതിനാണ് സ്ഥാപനത്തിന് ശിക്ഷ. 
സ്ഥാപനത്തിൽ കണ്ടെത്തിയ നിയമ വിരുദ്ധമായ ഉൽപന്നങ്ങൾ നശിപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഉൽപാദന തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ഉൽപന്നം ഉൽപാദിപ്പിച്ച രാജ്യം എന്നിവ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത മൈദ ശേഖരം വിൽപനക്ക് വെച്ചതായി കണ്ടെത്തിയിരുന്നു. 
വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളിൽ ഉൽപാദന തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ഉൽപന്നത്തിന്റെ ഇനം, തൂക്കം, നിർമാതാവിന്റെ പേര് എന്നിവ അടക്കമുള്ള വിവരങ്ങൾ അറബിയിൽ രേഖപ്പെടുത്തൽ നിർബന്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇരട്ടി തുക പിഴ ചുമത്തി അടപ്പിക്കുന്നതിനും നിയമം അനുശാസിക്കുന്നു. ഉറവിടമറിയാത്ത ഉൽപന്നങ്ങൾ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ വിൽപനക്ക് പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ചും 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 

Latest News