Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബഹ്റൈന്‍ കോസ്‌വേയിൽ വ്യവസായികൾക്ക് ഫാസ്റ്റ് ട്രാക്ക് സേവനം വരുന്നു

ദമാമിലെ കിംഗ് ഫഹദ് കോസ്‌വേ.

ദമാം- സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ വ്യവസായികൾക്ക് ഫാസ്റ്റ് ട്രാക്ക് സേവനം ഏർപ്പെടുത്താൻ നടപടി. ഇതേക്കുറിച്ച് പഠനം നടത്തിവരികയാണെന്ന് കോസ്‌വേ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ ഫഹദ് അൽദാവൂദ് വെളിപ്പെടുത്തി. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
500 റിയാലോ അതിൽ കൂടുതലോ ഫീസ് ഈടാക്കി വ്യവസായികൾക്ക് ഫാസ്റ്റ് ട്രാക്ക് സേവനം നൽകുന്നതിനെ കുറിച്ചാണ് പഠിക്കുന്നത്. യാത്രാ നടപടികൾ വേഗത്തിലാക്കുന്നതിന് ആഗ്രഹിക്കുന്ന വ്യവസായികൾ അടക്കമുള്ളവരുടെ ഫാസ്റ്റ് ട്രാക്ക് ഏർപ്പെടുത്തണമെന്ന നിർദേശം ഉയർന്നുവന്നിട്ടുണ്ട്. 
കോസ്‌വേയിൽ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെ തിരക്ക് കുറയുന്ന സമയങ്ങളിൽ ഫീസ് കുറക്കുന്നതിനെ കുറിച്ചും പഠിക്കുന്നുണ്ട്. 
കോസ്‌വേയിൽ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളെ കുറിച്ച് യാത്രക്കാരെ അറിയിക്കുന്ന ആപ്പുമായി അതോറിറ്റിക്ക് ബന്ധമില്ല. ഈ ആപ്പിനെ അതോറിറ്റി പിന്തുണക്കുന്നുമില്ല. ആപ്പ് പുറത്തുവിടുന്ന വിവരങ്ങളിൽ 70 ശതമാനവും തെറ്റായതോ കൃത്യമല്ലാത്തതോ ആണ്. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഗൂഗിൾ മാപ്പും അതോറിറ്റി വെബ്‌സൈറ്റിലെ ആപ്ലിക്കേഷനും ഉപയോഗിക്കണം. 
കോസ്‌വേയിൽ വാഹനങ്ങൾ നിർത്തേണ്ട പോയിന്റുകളുടെ എണ്ണം അഞ്ചിൽ നിന്ന് രണ്ടായി കുറക്കുന്നതിന് നീക്കമുണ്ട്. കസ്റ്റംസ്, പൊതുസുരക്ഷാ വകുപ്പ്, ട്രാഫിക് പോലീസ് എന്നിവ അടക്കമുള്ള വകുപ്പുകളുമായി സഹകരിച്ച് ഇത് യാഥാർഥ്യമാക്കുന്നതിനാണ് ശ്രമം. ആദ്യത്തിൽ ചുരുങ്ങിയ പക്ഷം കോസ്‌വേയിൽ സൗദി ഭാഗത്തെങ്കിലും ഇത് നടപ്പാക്കാനാണ് നീക്കം. 
കോസ്‌വേയിൽ സേവനങ്ങളും സാങ്കേതികവിദ്യകളും പരിഷ്‌കരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ചില വകുപ്പുകളിൽ നിലനിൽക്കുന്ന മെല്ലെപ്പോക്ക് പ്രതിബന്ധമാകുന്നുണ്ട്. ഇതുമൂലം കോസ്‌വേയിലെ യാത്രക്കാരുടെ നീക്കങ്ങൾ മന്ദഗതിയിലാക്കുന്നതിന് ചിലപ്പോൾ നിർബന്ധിതമാവുകയാണ്. 
കോസ്‌വേയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ദ്വീപിലും അസീസിയയിലെ ആഗമന, നിർഗമന ഏരിയയിലും ലഭ്യമായ നിക്ഷേപാവസരങ്ങൾ വ്യവസായികൾ പ്രയോജനപ്പെടുത്തണം. കോസ്‌വേയിൽ കേടാകുന്ന വാഹനങ്ങൾ വിഞ്ചുകൾ വഴി വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. ഇതിന് പ്രത്യേക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ സേവനം കൂടുതൽ പരിഷ്‌കരിക്കും. കൂടുതൽ യാത്രക്കാരെയും വാഹനങ്ങളെയും ഉൾക്കൊള്ളാനാവുംവിധം കാബിൻ ഏരിയ വിപുലീകരിക്കണമെന്നുണ്ടെങ്കിലും ഇതിന് ഡിവൈഡർ ഏരിയയുടെ സ്ഥലപരിമിതി പ്രതിബന്ധമാണ്. സുരക്ഷാ കാരണങ്ങളാൽ ഇടുങ്ങിയ നിലയിലാണ് കാബിൻ ഏരിയ സ്ഥാപിച്ചത്. കടൽ നികത്തിയാണ് സൗദി ഭാഗം വിപുലീകരിച്ചത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ബഹ്‌റൈൻ ഭാഗത്ത് വിപുലീകരണത്തിന് പ്രതിബന്ധമാണ്. ഇതേ തുടർന്നാണ് കൂടുതൽ യാത്രക്കാരെയും വാഹനങ്ങളെയും ഉൾക്കൊള്ളുന്നതിന് സാധിക്കുന്നതിന് മത്സ്യ മുള്ളിന്റെ രൂപത്തിൽ കാബിൻ ഏരിയ ക്രമീകരിച്ചത്. 
കിംഗ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനെ കുറിച്ച സാങ്കേതിക പഠന റിപ്പോർട്ട് അടുത്തയാഴ്ച ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നിലധികം രീതികൾ സാങ്കേതിക പഠനം നിർണയിക്കും. പദ്ധതിയിൽ വിദേശ നിക്ഷേപത്തിനും അവസരമുണ്ടാകും. പഠനാനന്തര നടപടികൾ പൂർത്തിയായാലുടൻ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കും. ഇത് അടുത്ത വർഷം മധ്യത്തോടെ സാധ്യമാകുമെന്നാണ് കരുതുന്നത്. പുതിയ പദ്ധതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് വൻകിട കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമായും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. അന്തിമ സാധ്യതാ പഠനങ്ങൾ പൂർത്തിയായ ശേഷം നിക്ഷേപകരുടെ യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും എൻജിനീയർ ഫഹദ് അൽദാവൂദ് പറഞ്ഞു.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം 31,134 വാഹനങ്ങളും 70,000 യാത്രക്കാരും കിംഗ് ഫഹദ് കോസ്‌വേ വഴി പ്രതിദിനം കടന്നു പോകുന്നുണ്ട്. കിംഗ് ഫഹദ് കോസ്‌വേ ഉദ്ഘാടനം ചെയ്ത ശേഷം ഇതുവരെ 35.5 കോടിയിലേറെ പേർ പാലത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 

 

 

Latest News