കൊച്ചി- ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ നടത്തുന്ന സമരം സുപ്രീം കോടതി വിധിക്കെതിരാണെന്നും ഇതൊരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി. നിലയ്ക്കലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസിറ്റിലായ തൃപ്പുണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. ശബരിമല അക്രമ സംഭവത്തില്‍ പങ്കില്ലെന്ന ഗോവിന്ദ് മധുസൂദനന്റെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന നിരീക്ഷണം നടത്തിയ കോടതി ജാമ്യാപേക്ഷ തള്ളി. ഗോവിന്ദ് മധുസൂദന്‍ അക്രമത്തില്‍ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സമരം സു്പ്രീം കോടതി വിധിക്കെതിരെയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഈ സമരം ഭക്തര്‍ക്ക് ഗുരുതരമായ പ്രയാസങ്ങള്‍ക്ക് കാരണമായി. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിച്ചാല്‍ അത് സമരങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുംമെന്നും കോടതി വ്യക്തമാക്കി. നിലക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് ഭക്തരായ സ്ത്രീകളെ കയ്യേറ്റം ശ്രമിച്ചെന്നാണ് മധുസൂധനനെതിരായ കേസ്.
നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23.8 ലക്ഷം രൂപയുടേയും പൊലീസ് വാഹനങ്ങള്‍ക്ക് 1.53 ലക്ഷം രൂപയുടേയും നഷ്ടം ഇവര്‍ സമരക്കാര്‍ വരുത്തിവച്ചെന്നാണ് കണക്ക്.






