മക്ക - നഗരത്തിലെ പ്രശസ്തമായ റെസ്റ്റോറന്റുകളിൽ ഉപയോക്താക്കളുടെ പഴ്സുകളും വിലപിടിച്ച വസ്തുക്കളും കവർച്ച നടത്തുകയും പോക്കറ്റടിക്കുകയും ചെയ്ത പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കൗണ്ടറുകളിൽ പണം അടക്കുന്നതിനിടെയും പോക്കറ്റടിക്കും കവർച്ചക്കും വിധേയരായതായി നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ പോലീസിൽ പരാതികൾ നൽകിയിരുന്നു. റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയും രഹസ്യ നിരീക്ഷണം ശക്തമാക്കിയുമാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഉപയോക്താക്കളിൽ ഒരാളുടെ ബാഗ് റസ്റ്റോറന്റിൽനിന്ന് കവരുന്നതിനിടെയാണ് പ്രതിയെ അന്വേഷണോദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്. പ്രാഥമികാന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.