ന്യൂയോർക്ക്- അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ അംഗങ്ങളായി. ഇർഹാൻ ഉമർ, റാശിദ താലിബ് എന്നിവരാണ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം വനിതകൾ പാർലമെന്റിലെത്തുന്നത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിലാണ് കോണ്‍ഗ്രസിലെത്തിയത്.
റാശിദ താലിബ്
42കാരിയായ റാശിദ താലിബ് 2009 മുതല്‍ 2014 വരെ മിഷിഗന്‍ സ്റ്റേറ്റ് ജനപ്രതിനിധി സഭയില്‍ അംഗമായിരുന്നു. ഡെട്രോയ്റ്റിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ് റാശിദ. ഫലസ്തീന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി 1976ലാണ് റാശിദയുടെ ജനനം. പിതാവ് ഫോര്‍ഡില്‍ ജീവനക്കാരനായിരുന്നു. 2004ല്‍ നിയമ ബിരുദം നേടി.
ഇല്‍ഹാന്‍ ഉമർ
സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ മൂലം അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് 37കാരിയായ ഇല്‍ഹാം. എട്ടാം വയസ്സിലാണ് അമേരിക്കയിലെത്തിയത്. സോമാലിയയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം കെനിയയില്‍ എട്ടു വര്‍ഷം അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇല്‍ഹാമിന്റെ കുടുംബം. 1997ലാണ് യുഎസിലെ മിനസോട്ടയിലേക്ക് കുടിയേറിയത്. 2016ലാണ് അദ്യമായി ഇല്‍ഹാം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്.
2016-ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊനള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തുടനീളം ഇസ്ലാംഭീതി മുമ്പത്തേക്കാള്‍ വര്‍ധിക്കുകയും കുടിയേറ്റക്കാരോട് ശത്രുത ഏറുകയും ചെയ്ത നിലവിലെ സാഹചര്യത്തിലാണ് കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള രണ്ടു മുസ്ലിം വനിതകൾ ആദ്യമായി ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
യുഎസിൽ കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിലേക്കും അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്കും (ജനപ്രതിനിധി സഭ) നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ റിപബ്ലിക്കൻ പാർട്ടിക്കും തിരിച്ചടി നേരിട്ടു. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടി 219 സീറ്റുകൾ നേടി നിയന്ത്രണം തിരിച്ചുപിടിച്ചു. 218 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. റിപബ്ലിക്കൻ പാർട്ടി 193 സീറ്റുകളിലാണ് ജയിച്ചത്. 435 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ നടന്നിട്ടുണ്ട്. അതേസമയം സെനറ്റിൽ റിപബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്തി. ഭൂരിപക്ഷം നേടാൻ ആവശ്യമായ 51 സീറ്റു നിലനിർത്തിയപ്പോൾ ഡെമോക്രാറ്റുകൾ 45 സീറ്റും നേടി. രണ്ട് സ്വതന്ത്ര അംഗങ്ങളുൾപ്പെടെയാണിത്. സംസ്ഥാന ഗവർണർമാരിൽ ഡെമോക്രാറ്റുകൾ 21ഉം റിപബ്ലിക്കൻ 25ഉം ആണു നില.






