ജര്‍മനിയില്‍ പോകാന്‍ ദിലീപ് കോടതിയുടെ അനുമതി തേടി 

നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീണ്ടും വിദേശയാത്രക്ക് അനുമതി തേടി കോടതിയില്‍ . പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഒന്നരമാസം ജര്‍മനിയില്‍ താങ്ങാന്‍ വേണ്ടിയാണ് ദിലീപ് അനുമതി തേടിയത്. അടുത്തമാസം 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ പോവുന്നതിനാണ് ദിലീപ് അനുമതി തേടിയത്. എന്നാല്‍ കേസിന്റെ വിചാരണ നീട്ടികൊണ്ടുപോകാനാണ് ദിലീപിന്റെ നീക്കമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചു വിചാരണയ്ക്കു കാത്തിരിക്കുന്ന കേസ്, പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ കുറ്റപത്രം നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ദിലീപും മറ്റുപ്രതികളും നിരന്തരം വിചാരണ നീട്ടിവെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നീതിനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ മറച്ചു വച്ചാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിന്റെ പ്രധാന സാക്ഷികളില്‍ പലരും സിനിമാ രംഗത്തുള്ളവരാണെന്നും അതുകൊണ്ട് തന്നെ പ്രതികളുടെ ഇത്തരം യാത്രകള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.അതേസമയം, കോടതിയുടെ ഏത് നിബന്ധനയും അംഗീകരിക്കാമെന്നും പാസ്‌പോര്‍ട്ട് വിട്ടുതരാനും വിസ സ്റ്റാംപ് ചെയ്യാനും അനുവദിക്കണമെന്നും ദിലീപ് കോടതിയെ അറിയച്ചത്. കേസ് നവംബര്‍ 9ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ രണ്ടുതവണ ദിലീപ് ഗള്‍ഫില്‍ എത്തിയിരുന്നു.

Latest News