ദമാം- കേടായ അരിശേഖരം വിൽപനക്ക് സൂക്ഷിച്ച കേസിൽ സൗദി വ്യാപാരിക്ക് പിഴ ചുമത്തുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്തതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ദമാമിലെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി, മൊത്ത വ്യാപാര സ്ഥാപനമായ ശുമൂഅ് അൽആസിമ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഉടമ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ സുബൈഇക്ക് ഒരു ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും ദമാം ക്രിമിനൽ കോടതി വിധിച്ചു.
മന്ത്രാലയ അധികൃതർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കേടായ അരിയുടെ വൻ ശേഖരം കണ്ടെത്തിയിരുന്നു. നാൽപതും നാൽപത്തഞ്ചും കിലോ വീതം തൂക്കമുള്ള ആറായിരം ചാക്കുകളിലായി ആകെ 255 ടൺ അരിയാണ് കണ്ടെത്തിയത്. കാലപ്പഴക്കവും, നന്നായി സൂക്ഷിക്കാത്തതും മൂലം കേടായ നിലയിലായിരുന്നു അരി ശേഖരം. അരി ചാക്കുകളിൽ പ്രാണികളും പുഴുക്കളും കണ്ടെത്തി. ഇത് സൂക്ഷിച്ച ഗോഡൗണിന് ലൈസൻസില്ലെന്നും ഇവിടത്തെ ആരോഗ്യ വ്യവസ്ഥകൾ പൂർണമല്ലെന്നും ശുചീകരണ നിലവാരം മോശമാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അരി ശേഖരം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിക്കുകയും, ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. അന്വേഷണം പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ പിന്നീട് ദമാം ക്രിമിനൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തായാക്കിയ കോടതി പിഴയും സ്ഥാപനം അടപ്പിക്കലും അടക്കമുള്ള ശിക്ഷ വിധിക്കുകയായിരുന്നു.
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടു കടത്തും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.