- ഏഴു പദ്ധതികൾക്ക് കിരീടാവകാശി തുടക്കം കുറിച്ചു
റിയാദ്- സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ ഉൽപാദന മേഖലയിലേക്ക് ചുവടു വെക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ആണവ ഗവേഷണ റിയാക്ടർ നിർമിക്കുന്നു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പദ്ധതിയുടെ ശിലാസ്ഥാനം നിർവഹിച്ചു. ഇതടക്കം പുനരുപയോഗ ഊർജം, ആണവോർജം, സമുദ്രജല ശുദ്ധീകരണം, വിമാന വ്യവസായം, ജെനറ്റിക് മെഡിസിൻ എന്നീ മേഖലകളിൽ തന്ത്രപ്രധാനമായ ഏഴു പദ്ധതികൾക്ക് കിരീടാവകാശി സമാരംഭം കുറിച്ചു. കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതികൾക്ക് കിരീടാവകാശി ഔദ്യോഗിക തുടക്കം കുറിച്ചത്. സൗദിയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ, വിമാന ബോഡി നിർമാണ കേന്ദ്രം എന്നിവ അടക്കം മൂന്നു ബൃഹദ് പദ്ധതികൾ ഇക്കൂട്ടത്തിൽപെടും.
ആണവോർജ വ്യവസായ മേഖലക്ക് ആവശ്യമായ ഗവേഷണങ്ങൾക്കും സാങ്കേതിത വിദ്യകൾ വികസിപ്പിക്കുന്നതിനും പുതിയ റിയാക്ടർ രാജ്യത്തിന് സഹായകമാകും. വൈകാതെ രണ്ടു ആണവോർജ റിയാക്ടറുകൾ നിർമിക്കുന്നതിനും സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. 25 വർഷത്തിനുള്ളിൽ 16 റിയാക്ടറുകൾ നിർമിക്കുന്നതിനാണ് രാജ്യം പദ്ധതിയിടുന്നത്. അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ പുതിയ റിയാക്ടറിന്റെ രൂപകൽപന പൂർത്തിയാക്കിയത് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ്. പുതിയ റിയാക്ടറിന്റെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷാവസാനത്തോടെ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് റിയാക്ടർ പ്രവർത്തിപ്പിക്കുക. 2.1 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഓക്‌സൈഡ് ഇന്ധനമാണ് റിയാക്ടറിൽ ഉപയോഗിക്കുക.
സൗദി ഹ്യൂമൻ ജീനോം സെൻട്രൽ ലബോറട്ടറിയും കിരീടാവകാശി ഉദ്ഘാടനം ചെയ്തു. സൗദി സമൂഹത്തിന്റെ ജനിതക പ്രത്യേകതകളുടെ ആദ്യ മാപ്പ് സെൻട്രൽ ലബോറട്ടറി രേഖപ്പെടുത്തും. പാരമ്പര്യ രോഗങ്ങൾക്ക് കാരണമായ ജനിതക മാറ്റങ്ങൾ കണ്ടെത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത രോഗങ്ങൾ നിർണയിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. പരമ്പരാഗത രോഗങ്ങളുടെ ചികിത്സക്ക് സൗദി അറേബ്യ പ്രതിവർഷം 400 കോടിയിലേറെ റിയാൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രതിദിനം അറുപതിനായിരം ഘനമീറ്റർ ശേഷിയിൽ ഖഫ്ജിയിൽ സൗരോർജ സമുദ്രജല ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനും യാമ്പുവിൽ പ്രതിദിനം 5,200 ഘനമീറ്റർ ശേഷിയോടെയുള്ള സൗരോർജ സമുദ്രജല ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും കിരീടാവകാശി ശിലാസ്ഥാനം നിർവഹിച്ചു. സൗരോർജ പാനലുകൾ നിർമിക്കുന്നതിനുള്ള രണ്ടു കേന്ദ്രങ്ങൾ, ഉയൈനയിൽ സൗരോർജ പാനലുകളുടെ ഗുണമേന്മയും വിശ്വാസ്യതയും പരിശോധിക്കുന്നതിനുള്ള ലാബ് എന്നീ പദ്ധതികൾക്കും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തറക്കല്ലിട്ടു.
റിയാദ് എയർപോർട്ട് കോമ്പൗണ്ടിലാണ് വിമാന ബോഡി നിർമാണ കേന്ദ്രം സ്ഥാപിക്കുന്നത്. മധ്യപൂർവ ദേശത്തെതന്നെ ഏറ്റവും വലിയ വിമാന ബോഡി നിർമാണ കേന്ദ്രമായിക്കും ഇത്. 27,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിൽ സിവിലിയൻ, മിലിട്ടറി വിമാനങ്ങളുടെ ബോഡികൾ നിർമിക്കും. ഭാവിയിൽ കേന്ദ്രത്തിന്റെ വിസ്തീർണം 92,000 ചതുരശ്ര മീറ്ററായി വർധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
വിമാന ബോഡി ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള പതിനാറു ഉപകരണങ്ങൾ ഇവിടെയുണ്ട്. ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ ഒമ്പതു മീറ്റർ വരെ വലിപ്പമുള്ള വിമാന ബോഡി ഭാഗങ്ങൾ ഇവിടെ നിർമിക്കും. പത്തു മുതൽ ഇരുപതു മീറ്റർ വരെ നീളവും ഏഴു മീറ്റർ വ്യാസവുമുള്ള വിമാന ഭാഗങ്ങൾ മിനുക്കുന്നതിനുള്ള ഓവനുകളും ഇവിടെയുണ്ടാകും. രണ്ടാം ഘട്ടത്തിൽ ഒമ്പതു മുതൽ 38 വരെ മീറ്റർ വലിപ്പമുള്ള വിമാന ഭാഗങ്ങളും നിർമിക്കുന്നതിന് കേന്ദ്രത്തിന് ശേഷിയുണ്ടാകും. അടുത്ത വർഷാവസാനത്തോടെ 79 പേർക്കും 2025 അവസാനത്തോടെ 200 പേർക്കും കേന്ദ്രം തൊഴിൽ ലഭ്യമാക്കും.
കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി പദ്ധതികളും വിഭാഗങ്ങളും കിരീടാവകാശി സന്ദർശിച്ചു. സൗദി സാറ്റ് 5-എ, സൗദി സാറ്റ് 5-ബി എന്നിവ അടക്കമുള്ള സാറ്റലൈറ്റ് പദ്ധതികളും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ചു. ഊർജ, വ്യവസായ മന്ത്രിയും കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ ഖാലിദ് അൽഫാലിഹ്, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി പ്രസിഡന്റ് ഡോ.തുർക്കി ബിൻ സൗദ് രാജകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.