മന്ത്രി ജലീലിനെതിരെ യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്-  ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്് നടക്കാവ്  വണ്ടിപ്പേട്ടയിലെ കേരള മൈനോറിറ്റി ഡെവലപ്‌മെന്റ് ആന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് മുസ്‌ലിം യൂത്ത്്‌ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ ഉത്തര മേഖലാ ഡി.ജി.പിയുടെ ഓഫീസിനു എതിര്‍വശത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മൈനോറിറ്റി കോര്‍പറേഷന്‍ ഓഫീസിനു സമീപം പോലീസ് തടഞ്ഞു.
പോലീസിനെ മറികടന്ന് ഓഫീസിലേക്ക് കയറാന്‍  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത്  നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. നവാസ് സ്വാഗതവും ട്രഷറര്‍ പി.പി. റഷീദ് നന്ദിയും പറഞ്ഞു.
മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല,  സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി. ഇസ്മാഈല്‍ വയനാട്, ആഷിഖ് ചെലവൂര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ മാര്‍ച്ചിന് കെ.എം.എ. റഷീദ്, പി.പി. ജാഫര്‍, ഒ.കെ. ഫൈസല്‍, സി. ജാഫര്‍ സാദിഖ്, എസ്.വി. ഷൗലിഖ്, എ. ഷിജിത് ഖാന്‍, ഷഫീഖ് അരക്കിണര്‍, എ.കെ. ഷൗക്കത്തലി, എ.കെ. കൗസര്‍, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസല്‍, വി.പി. റിയാസ് സലാം എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News