മനാമ- ഖത്തറിനു വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള മൂന്നു പ്രതികൾക്ക് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഉസാമ അൽഔഫി അറിയിച്ചു. പ്രതിപക്ഷ കക്ഷിയായ അൽവിഫാഖ് ഗ്രൂപ്പ് സെക്രട്ടറി ജനറൽ ശൈഖ് അലി സൽമാൻ, ഗ്രൂപ്പ് നേതാക്കളായ ശൈഖ് ഹസൻ സുൽത്താൻ, അലി അൽഅസ്‌വദ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. ഖത്തറിൽ നിന്ന് പണം കൈപ്പറ്റി രഹസ്യ വിവരങ്ങൾ കൈമാറുകയും രാജ്യത്ത് സംഘർഷങ്ങൾക്ക് ശ്രമിക്കുകയും ചെയ്ത കേസിലാണ് മൂവരെയും ശിക്ഷിച്ചത്.
കഴിഞ്ഞ ജൂണിൽ മൂവരെയും കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ മേൽകോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അപ്പീൽ നൽകുകയായിരുന്നു. രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയും ആഭ്യന്തര മന്ത്രാലയത്തെ അവഹേളിച്ചതിനും ശൈഖ് അലി സൽമാൻ നാലു വർഷ തടവ് അനുഭവിച്ചു വരികയാണ്. ഈ കേസിൽ 2015 ലാണ് ഇദ്ദേഹം അറസ്റ്റിലായത്. ശൈഖ് ഹസൻ സുൽത്താനെയും അലി അൽഅസ്‌വദിനെയും അവരുടെ അഭാവത്തിലാണ് കോടതി വിചാരണ ചെയ്തത്.
രാജ്യത്ത് അക്രമവും ഭീകരവാദവും വളർത്തുന്നതിന് സഹായിക്കുന്നതായി ആരോപിച്ച് അൽവിഫാഖ് ഗ്രൂപ്പിനെയും മറ്റൊരു പ്രതിപക്ഷ കക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് ആക്ഷൻ സൊസൈറ്റിയെയും (വഅദ്) കഴിഞ്ഞ വർഷം കോടതികൾ പിരിച്ചു വിട്ടിരുന്നു. പിരിച്ചുവിട്ട പാർട്ടികളിലെ അംഗങ്ങളെ ഈ മാസാവസാനം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബഹ്‌റൈൻ വിലക്കിയിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷമായ ശിയാക്കളുമായി ശക്തമായ ബന്ധമുള്ള അൽവിഫാഖും സെക്യുലർ സംഘടനയായ വഅദും ബഹ്‌റൈനിൽ സാമൂഹിക, രാഷ്ട്രീയ പരിഷ്‌കരണങ്ങൾക്കു വേണ്ടി പ്രചാരണങ്ങൾ നടത്തിയിരുന്നു.
2011 ൽ രാജ്യത്തുണ്ടായ സംഘർഷങ്ങൾ തുടരുകയെന്ന ലക്ഷ്യത്തോടെ ഖത്തർ ഗവൺമെന്റ് അധികൃതർക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ മൂവരും കുറ്റക്കാരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഭരണഘടനാധിഷ്ഠിത ഭരണം അട്ടിമറിക്കുന്നതിനാണ് പ്രതികൾ ലക്ഷ്യമിട്ടത്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പ്രതികൾ ഖത്തർ ഗവൺമെന്റിന് കൈമാറുകയും ചെയ്തു.
പ്രതികളും ഖത്തർ അധികൃതരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ അടക്കമുള്ള ശക്തമായ തെളിവുകൾ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ചാരവൃത്തി നടത്തിയതിനു പ്രതിഫലമായി പ്രതികൾക്ക് ഖത്തർ ഗവൺമെന്റിൽ നിന്ന് പണം ലഭിച്ചതായും തെളിഞ്ഞിരുന്നു. സംഘർഷങ്ങൾ മൂർഛിപ്പിച്ച് ഭരണം അട്ടിമറിക്കുന്നതിന് ഇവർ ഖത്തറുമായി ധാരണയിലെത്തി. ഈ ലക്ഷ്യത്തോടെ ഖത്തറിലെ അൽജസീറ ചാനലിൽ പ്രത്യക്ഷപ്പെട്ട് ഇവർ നൽകിയ പ്രസ്താവനകളും തെളിവുകളായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അക്കാലത്തെ ഖത്തർ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിൻ ജാസിം അൽഥാനിയും ഖത്തർ അമീറിന്റെ മുൻ ഉപദേഷ്ടാവ് ഹമദ് ബിൻ ഖലീഫ അൽഅതിയ്യയും അൽജസീറ ചാനൽ ചെയർമാൻ ഹമദ് ബിൻ ഥാമിർ അൽഥാനിയും ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽആലം മാസിക എഡിറ്റർ ഇൻ ചീഫ് സഈദ് അൽശിഹാബിയും ചേർന്നാണ് ചാരവൃത്തി ഓപ്പറേഷൻ നടത്തിയതെന്നും സംഭവത്തിൽ ഖത്തർ ഗവൺമെന്റിന് നേരിട്ട് പങ്കുണ്ടെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു.