12 കോടി പേരുടെ ഫേസ്ബുക്ക്  വിവരങ്ങള്‍ ചോര്‍ന്നു-ബി.ബി.സി 

ഒക്ടോബറില്‍ മൂന്നു കോടിയോളം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കിങിലൂടെ ചോര്‍ന്നതിനു പിന്നാലെ ഫേസ്ബുക്കില്‍ നിന്നു വീണ്ടും വിവരചോരണം. ഇക്കുറി 12 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായാണ് ബിബിസി റിപോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 81,000 ആളുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്കു വച്ചതായും ബിബിസി റഷ്യന്‍ സര്‍വീസ് വ്യക്തമാക്കി. 
ഉക്രെയ്ന്‍, റഷ്യ, ബ്രിട്ടന്‍, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണു പുറത്തായത്. ഓണ്‍ലൈ ന്‍ വഴി വില്‍പനയ്ക്കു വച്ച 81000 പേരുടെ വിവരങ്ങളില്‍ സ്വകാര്യ സന്ദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ അക്കൗണ്ടും 10 സെന്റുകള്‍ വീതം ഈടാക്കി ഹാക്കര്‍മാര്‍ വില്‍ക്കുന്നുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.  ഇംഗ്ലീഷിലുള്ള ഒരു ഇന്റര്‍നെറ്റ് ഫോറത്തില്‍ എഫ്ബി സേയ്‌ലര്‍ എന്നയാള്‍ നല്‍കിയ പരസ്യത്തിലൂടെയാണ് വിവരചോരണം സംബന്ധിച്ച വിവരം പുറത്തുവന്നത്.
എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നു സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നും വെബ് ബ്രൗസറുകളിലെ എക്സ്റ്റന്‍ഷന്‍ സോഫ്റ്റ് വെയറുകളാണ് വിവരങ്ങള്‍ ഹാക്കര്‍മാരിലെത്തിച്ചതെന്നുമാണ് ഫേസ്ബുക്കിന്റെ പ്രതികരണം. കൂടുതല്‍ അക്കൗണ്ടുകളെ ഇതു ബാധിക്കുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും എക്സ്റ്റന്‍ഷനുകളിലെ സുരക്ഷാവീഴ്ച പരിശോധിക്കാന്‍ ബ്രൗസര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതായും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. 

Latest News