തഹാനിയുടേത് വെറും കുട്ടിക്കവിതകളല്ല; ഷാര്‍ജ മേളയിലെ താരം ഇവളാണ്

ഷാര്‍ജ- എന്തെങ്കിലും എഴുതണമെന്ന് മനസ്സ് ശക്തമായി പറയുമ്പോഴാണ് ഞാന്‍ എഴുതാനിരിക്കുന്നത്- കേള്‍ക്കുമ്പോള്‍ ഏതോ മുതിര്‍ന്ന എഴുത്തുകാരന്റേതാണ് വാക്കുകള്‍ എന്ന് തോന്നും. പക്ഷെ പത്തുവയസ്സുകാരി തഹാനിയാണ് ഇത് പറയുന്നത്. സംഭവം നിസ്സാരമാക്കരുത് കേട്ടോ.... തഹാനിയുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് കവിതാസമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കഴിഞ്ഞ ദിവസമാണ് പ്രകാശിതമായത്.

ത്രൂ മൈ വിന്‍ഡോ പാന്‍സ് (എന്റെ ജനല്‍ചില്ലകളിലൂടെ) എന്ന പുസ്തകം തഹാന എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. തന്റെ ഹൃദയത്തില്‍ തട്ടിയ, അല്ലെങ്കില്‍ മനസ്സിനെ ഉലച്ച സംഭവങ്ങളുണ്ടാകുമ്പോള്‍ തഹാനി പേനയെടുക്കുന്നു. പിന്നെയത് കവിതയായി വിരിയുന്നു.

വൈവിധ്യപൂര്‍ണമാണ് തഹാനിയുടെ വിഷയങ്ങള്‍. മാതാപിതാക്കളുടെ സ്‌നേഹം മുതല്‍ പെണ്‍കുട്ടികളുടെ സുരക്ഷ വരെ അതില്‍ നിറയുന്നു. 17 കവിതകളുടെ സമാഹാരമാണ് വിന്‍ഡോ പാന്‍സ്. പുതിയ തലമുറയുടെ വികാരവിചാരങ്ങളെ അത് പ്രതിനിധീകരിക്കുന്നു.

ആരെങ്കിലും പറയുമ്പോഴോ ആവശ്യപ്പെടുമ്പോഴോ എനിക്ക് എഴുതാനാവില്ല. ചില കാര്യങ്ങള്‍ മനസ്സിനെ മഥിക്കുമ്പോള്‍ ഞാന്‍ എഴുതുന്നു. ഒരു വിഷയം തന്നിട്ട് എഴുതാന്‍ പറഞ്ഞാല്‍ എനിക്കാവില്ല. അത് സ്വാഭാവികമായി വരണം- പുസ്തക പ്രകാശനത്തിന് ശേഷം തഹാനി ഹാഷിര്‍ പറഞ്ഞു.

ഷാര്‍ജ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ തഹാനി ആറാം വയസ്സുമുതല്‍ എഴുത്തു തുടങ്ങി. ക്ലാസ് അധ്യാപികയാണ് ഈ പ്രതിഭയെ കണ്ടെത്തിയത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഹാഷിര്‍ കോയക്കുട്ടിയുടെ മകളാണ് തഹാനി. ഇതിനകം നൂറിലേറെ കവിതകള്‍ തഹാനി എഴുതിയിട്ടുണ്ട്.

മനോഹരമായ കവിതകളാണ് തഹാനിയുടേതെന്ന് പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഡോ. കെ. ജയകുമാര്‍, എഴുത്തുകാരന്‍ ഡോ. കെ.വി മോഹന്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.

 

Latest News