ജിദ്ദ- കനത്ത മഴ കാരണം മക്ക പ്രവിശ്യയിലെ മുഴുവൻ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ജിദ്ദയിലെയും മക്കയിലെയും മുഴുവൻ യൂണിവേഴ്‌സിറ്റികൾക്കും റാബിഗ്, ഖുലൈസ് എിവടങ്ങളിലും സ്‌കൂളുകൾക്ക് . അവധിയായിരിക്കുമെന്ന് മക്ക പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മഴയിൽ റോഡുകൾ ഏതാണ്ടെല്ലാം മൂടിയ നിലയിലാണ്. സൗദി അറേബ്യയിൽ ഏതാണ്ട് എല്ലാ പ്രവിശ്യകളിലും ശനിയാഴ്ച്ചയും വ്യാപകമായി മഴ പെയ്തു. ജിദ്ദയിൽ ഇടിമിന്നലോട് കൂടി മഴ കനത്തു പെയ്തു. നഗരത്തിന്റെ അധിക ഭാഗത്തും, പ്രത്യേകിച്ച് തെക്ക്, കിഴക്ക് ഭാഗങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. അന്തരീക്ഷം പകൽ മുഴുവൻ മേഘാവൃതമായിരുന്നു. വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്നലെ ഉച്ച വരെ ഭേദപ്പെട്ട മഴയാണ് അനുഭവപ്പെട്ടത്.
രണ്ടിടത്ത് മരങ്ങൾ കടപുഴകി വീണതായും 28 ഓളം ഇടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതായും കൺട്രോൾ റൂമിൽ പരാതി ലഭിച്ചതായി ജിദ്ദ സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ട് സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ വീണു.
ഇന്നും അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ പേമാരിക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതോറിറ്റി ഓർമിപ്പിച്ചു. ഇലക്ട്രിക് കേബിളുകളിൽ നിന്ന് അകലം പാലിക്കണം. തുറസ്സായ സ്ഥലങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഇടിമിന്നലുണ്ടാകുമ്പോൾ വൃക്ഷങ്ങൾക്ക് സമീപത്തു നിൽക്കുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് പ്രസ്താവനയിൽ അഭ്യർഥിച്ചു.






