റിയാദ്- ഔദ്യോഗിക സന്ദർശനാർഥം റിയാദിലെത്തിയ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആലുഖലീഫ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഹമദ് രാജാവിനോടുള്ള ബഹുമാനാർഥം റിയാദ് ദറഇയ്യയിലെ അൽഔജ കൊട്ടാരത്തിൽ സൽമാൻ രാജാവ് ഒരുക്കിയ വിരുന്ന് സൽക്കാരത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രിയും കാബിനറ്റ് അംഗവും രാജാവിന്റെ ഉപദേഷ്ടാവുമായ ഡോ.മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, അൽബാഹ ഗവർണർ ഡോ.ഹുസാം ബിൻ സൗദ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, കിഴക്കൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, മൻസൂർ ബിൻ സൗദ് രാജകുമാരൻ, തലാൽ ബിൻ സൗദ് രാജകുമാരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ബഹ്‌റൈൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആലുഖലീഫ, റോയൽകോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആലുഖലീഫ, ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ആലുഖലീഫ, വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് ആലുഖലീഫ, പബ്ലിക് ഇൻഫർമേഷൻ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമൈഹി, സൗദിയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല ആലു ഖലീഫ എന്നിവർ ബഹ്‌റൈൻ രാജാവിനോടൊപ്പമുണ്ടായിരുന്നു. സന്ദർശനം പൂർത്തിയാക്കിയ ഹമദ് രാജാവിന് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.