കൊണ്ടോട്ടി- കരിപ്പൂരിൽ പുതിയ ടെർമിനിലിനോടും റൺവേ-ഏപ്രണോടും ചേർത്ത് യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ വിമാനത്തിൽനിന്ന് ടെർമിനലിൽ പ്രവേശിക്കുന്നതിനുളള എയ്റോബ്രിഡ്ജുകളുടെ പ്രവൃത്തികൾ പൂർത്തിയാവുന്നു. സ്പെയിനിൽനിന്നും ഇറക്കുമതി ചെയ്ത രണ്ട് എയ്േറാബ്രിഡ്ജുകളാണ് പുതിയ ടെർമിനലിൽ പ്രവർത്തിപ്പിക്കുന്നത്. ഇതോടെ കരിപ്പൂരിൽ എയ്റോബ്രിഡ്ജുകളുടെ എണ്ണം അഞ്ചാവും.
2013 ൽ കരിപ്പൂരിൽ പൂർത്തിയായ റൺവേ ഏപ്രൺ ഡി.ജി.സി.എ അനുമതി ലഭിക്കാത്തതിനാൽ തുറന്നു പ്രവർത്തിക്കാനും എയ്റോബ്രിഡ്ജ് സ്ഥാപിക്കാനുമായിരുന്നില്ല. രണ്ട് വിമാനങ്ങൾ നിർത്തിയിടാനുളള സൗകര്യം പുതിയ ഏപ്രണിലുണ്ട്. റൺവേ പരിശോധിക്കാനെത്തിയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഏപ്രൺ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു.
കരിപ്പൂരിൽ 10 വിമാനങ്ങൾ നിർത്തിയിടാനുളള റൺവേ-ഏപ്രൺ ആണ് നിലവിലുളളത്. എന്നാൽ വിമാനങ്ങൾ ഒന്നിച്ചെത്തുന്നതോടെ ഏപ്രണിൽ സൗകര്യമില്ലാതെ വിമാനങ്ങൾ റൺവേയിലും ബോംബ് ഭീഷണിയുളള വിമാനങ്ങൾ നിർത്താനായി സജ്ജീകരിച്ച ഐസുലേഷൻ-ബേയിലുമായി നിർത്തിയിടേണ്ട അവസ്ഥയാണുളളത്. ഇതോടെ യാത്രക്കാരെ റൺവേയിലൂടെ വാഹനത്തിലും കാൽനടയായും വിമാനത്തിനരികെ എത്തിക്കേണ്ട ഗതികേടുണ്ടാവാറുണ്ട്. തുടർന്നാണ് മൂന്ന് വർഷം മുമ്പ് പുതിയ ഏപ്രൺ ഒരുക്കിയത്. എയർപോർട്ട് അഥോറിറ്റി കോടികൾ മുടക്കിയാണ് കരിപ്പൂരിൽ റൺവേ-ഏപ്രൺ നിർമ്മിച്ചത്.
ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.സി.എ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ ഏപ്രണിന് അനുമതി വിലക്കിയത്. പിന്നീട് റൺവേ പരിശോധനക്ക് എത്തിയ ഡി.ജി.സി.എ ഉദ്യോഗസ്ഥരാണ് പുതിയ ഏപ്രൺ പരിശോധിച്ച് അനുമതി നൽകിയത്. വിമാനങ്ങൾ ഏപ്രണിൽ നിർത്തിയാൽ തന്നെ യാത്രക്കാർക്ക് നേരിട്ട് ടെർമിനലിൽ പ്രവേശിക്കാനാണ് എയ്റോബ്രിഡ്ജുകൾ സ്ഥാപിക്കുന്നത്. പുതിയ ടെർമിനലിലേക്കാണ് എയ്റോബ്രിഡ്ജുകൾ ഘടിപ്പിക്കുന്നത്. 120 കോടി ചെലവിൽ ടെർമിനൽ നിർമ്മാണവും പൂർത്തിയാക്കി ഈ മാസം തുറക്കാനിരിക്കുകയാണ്. കരിപ്പൂരിൽ നിലവിൽ മൂന്ന് എയ്റോബ്രിഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്. പുറമേയാണ് പുതിയ ടെർമിനലും ഏപ്രണും ചേർത്ത് രണ്ടെണ്ണം കൂടി നിർമ്മിക്കുന്നത്.