സൂപ്പര്‍ സ്റ്റാര്‍ സിനിമയെടുത്തതോടെ  മോഹന്‍ലാല്‍ അകന്നു -വിനയന്‍ 

മോഹന്‍ലാലുമായുള്ള കാല്‍നൂറ്റാണ്ട് പഴക്കമുള്ള പ്രശ്‌നത്തിന്റെ കാരണം തുറന്നു പറഞ്ഞ് സംവിധായകന്‍ വിനയന്‍. താനും മോഹന്‍ലാലും തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും ചുറ്റുമുള്ളവരുടെയും ചില ആരാധകരുടെയും വാക്കുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു. 'സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാന്‍സുകാരുടെയും പ്രശ്‌നങ്ങള്‍ കൊണ്ടാണ്. മോഹന്‍ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്.
മോഹന്‍ലാലിന്റെ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത്. എന്തൊരു വിഡ്ഢികളാണ് അവര്‍. മോഹന്‍ലാല്‍ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാന്‍സ് മേടിക്കുന്ന ചിലര്‍. വിനയന്‍ ആ സിനിമ കൊണ്ടുവന്നത് നിങ്ങളെ തകര്‍ക്കാനാണെന്ന് അവര്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ട്.' വിനയന്‍ പറയുന്നു.
പിന്നീട് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. പൊള്ളാച്ചിയില്‍ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന താരമാണ് മോഹന്‍ലാല്‍. എന്നാല്‍ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്‌നമുണ്ടാകുന്നത്. നട•ാരും നടിമാരും സിനിമകളില്‍ കരാര്‍ ഒപ്പുവയ്ക്കണം. എന്നാല്‍ അമ്മ അതിനെ എതിര്‍ത്തു. പക്ഷേ ഞാന്‍ ചേംബറിനൊപ്പമായിരുന്നു. അങ്ങനെ വീണ്ടും പ്രശ്‌നമായി. 

Latest News