ആത്മകഥകൾ ഏറെ ഇഷ്ടം

ദീപിക പള്ളിക്കൽ

അഞ്ച് ചോദ്യം / ദീപിക പള്ളിക്കൽ, സക്വാഷ് താരം
 

? ചെറിയ പ്രായത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ കളിക്കാരിയാണ് ദീപിക. വനിതാ സ്‌ക്വാഷ് റാങ്കിംഗിൽ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി, അർജുന അവാർഡും പത്മശ്രീയും ലഭിച്ചു. 
= റാങ്കിംഗിനേക്കാളും ബഹുമതികളേക്കാളും കളിയിൽ സ്ഥിരത പുലർത്തുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. റാങ്കിംഗിൽ ആദ്യ അഞ്ചിലെത്തുകയാണ് എന്റെ ലക്ഷ്യം. അവാർഡുകൾ അതും അർജുന അവാർഡും പത്മശ്രീയും പോലെ വലിയ അംഗീകാരങ്ങൾ തീർച്ചയായും ആവേശം നൽകുന്നതാണ്. പക്ഷേ കളിയിലെ എന്റെ മികവു കാരണമാണ് ബഹുമതികൾ എന്നെ തേടിവരുന്നത് എന്നതാണ് സത്യം. അതിനാൽ കളിയിൽ സ്ഥിരത പുലർത്താനാണ് ഞാൻ ശ്രമിക്കുന്നത്.

? ക്രിക്കറ്റിനോട് വെറുപ്പായിരുന്നു ദീപികക്ക്. എങ്ങനെയാണ് ക്രിക്കറ്റർ ദിനേശ് കാർത്തികുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും.
= 2013 ൽ ചെന്നൈയിൽ ജിംനേഷ്യത്തിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. എന്നാൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചതു പോലെ അക്കാലത്തൊന്നും ഞങ്ങൾ പ്രണയത്തിലായിരുന്നില്ല. ആദ്യം കണ്ടപ്പോൾ ദിനേശിനോട് ഹായ് പോലും പറഞ്ഞിട്ടില്ലെന്നാണ് ഓർക്കുന്നത്. ദിനേശ് അപ്പോൾ ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടിയിരിക്കുകയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. 2013 ൽ ഇംഗ്ലണ്ടിലെ ലീഡ്‌സിൽ ഞാൻ ഒരു ടൂർണമെന്റ് ജയിച്ചു. ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നതിനിടെ എന്നെ കാണാനായി മാത്രം ദിനേശ് ഇംഗ്ലണ്ടിലെത്തി. അപ്പോഴാണ് പ്രണയം മൊട്ടിടുന്നത്. 
? എങ്ങനെയാണ് ദീപിക സ്‌ക്വാഷ് കളിക്കാരിയാവുന്നത്.
= സ്‌കൂൾ കാലം മുതൽ സ്‌പോർട്‌സ് എനിക്ക് വലിയ ഇഷ്ടമായിരുന്നു. എല്ലാ കളികളിലും പങ്കെടുക്കുമായിരുന്നു. യാദൃഛികമായാണ് സ്‌ക്വാഷിലെത്തുന്നത്. സ്‌ക്വാഷിൽ എന്റെ യാത്ര വളരെ പ്രയാസകരമായിരുന്നു. പതിമൂന്നാം വയസ്സ് മുതൽ നിരന്തര യാത്രയിലാണ്. വീടിനു പുറത്താണ് താമസം. എങ്കിലും അത് ഞാൻ ആസ്വദിക്കുന്നു. 

? ഒഴിവു സമയങ്ങൾ എങ്ങനെ ചെലവിടുന്നു
= സ്‌ക്വാഷ് അല്ലാതെ മറ്റൊന്നും എനിക്കറിയില്ല. കളിയും പരിശീലനത്തിനുമപ്പുറം മറ്റൊന്നും ചെയ്യാൻ സമയം കിട്ടാറില്ലെന്നതാണ് സത്യം. കിട്ടുന്ന സമയം കുടുംബത്തോടൊപ്പം ചെലവിടാനാണ് ആഗ്രഹം. ഞങ്ങളുടേത് വളരെ അടുപ്പമുള്ള കുടുംബമാണ്. വായന ഇഷ്ടമാണ്. പ്രത്യേകിച്ചും ആത്മകഥകൾ. ആന്ദ്രെ ആഗസിയുടെ ആത്മകഥ വളരെ ഇഷ്ടമായിരുന്നു. 

? എങ്ങനെയാണ് പരിശീലനം, സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധിക്കാറുണ്ടോ
= രാവിലെ ഒരു മണിക്കൂർ ഓടും. പിന്നീട് ഒരു മണിക്കൂർ ജിംനേഷ്യത്തിൽ ചെലവിടും. ഒന്നര മണിക്കൂറോളം സ്‌ക്വാഷ് പരിശീലനം നടത്തും. വൈകിട്ടും പരിശീലനമുണ്ടാവും. പ്രത്യേകിച്ച് ഭക്ഷണ രീതികളൊന്നും പിന്തുടരാറില്ല. ഞങ്ങൾ അത്‌ലറ്റുകൾ എപ്പോഴും വിയർക്കുന്നവരാണ്. അതിനാൽ മെയ്ക്കപ്പൊന്നും ഉപയോഗിക്കാറില്ല. നന്നായി വെള്ളം കുടിക്കുന്നു. അത് ചർമത്തിന് ഗുണം ചെയ്യാറുണ്ട്. ഷോപ്പിംഗാണ് എന്റെ ഹരം. എന്തു ബ്രാൻഡെന്നൊന്നുമില്ല. എല്ലാം വാങ്ങിക്കൂട്ടും. 

Latest News