അഭിഭാഷകന്റെ വേഷംകെട്ടിയ ബച്ചന് ബാര്‍ കൗണ്‍സിലിന്റെ വക്കീല്‍ നോട്ടീസ്

മുംബൈ- പരസ്യ ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നടന്‍ അമിതാഭ് ബച്ചന് ദല്‍ഹി ബാര്‍ കൗണ്‍സില്‍ വക്കീല്‍ നോട്ടീസയച്ചു. പരസ്യത്തില്‍ ബച്ചന്‍ പ്രതിനിധീകരിച്ച കമ്പനിക്കും പരസ്യം പുറത്തു വിട്ട യുടൂബിനും മറ്റൊരു മാധ്യമ സ്ഥാപനത്തിനും നോട്ടീസയച്ചിട്ടുണ്ട്. അഭിഭാഷകന്റെ വേഷം കെട്ടുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ബച്ചന്‍ എടുത്തില്ലെന്ന് ബാര്‍ കൗണ്‍സില്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ആധികാരികത ഇല്ലാതെ പരസ്യം പുറത്തുവിട്ട കക്ഷികള്‍ക്കെതിരെ നിയമ നടപടി എടുക്കാവുന്നതാണെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം പരസ്യങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും അഭിഭാഷകരുടെ വേഷം പരസ്യങ്ങളില്‍ ഉപയോഗിക്കില്ലെന്ന് ദല്‍ഹി ബാര്‍ കൗണ്‍സില്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മറ്റു സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്കും ഉറപ്പ് നല്‍കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. ബച്ചന്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പത്തു ദിവസത്തികം ഈ ഉറപ്പു നല്‍കിയില്ലെങ്കില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പും നല്‍കി. 

അഭിഭാഷകര്‍ അണിയുന്ന മേലങ്കി ധരിച്ച് ഡ്രസിംഗി റൂമില്‍ ഇരിക്കുമ്പോള്‍ രണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ വന്ന് അദ്ദേഹത്തിന് പാവ് ബജി നല്‍കുന്നതാണ് പരസ്യ ചിത്രത്തിലെ വിവാദ ദൃശ്യം. ഇതു കഴിച്ച ശേഷം ബച്ചല്‍ ഇതിലുപയോഗിച്ച മസാലയെ പ്രശംസിക്കുന്നതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. നേരത്തെ മകള്‍ ശ്വേതയ്‌ക്കൊപ്പം അഭിനയിച്ച മറ്റൊരു പരസ്യത്തില്‍ ബാങ്കുദ്യോഗസ്ഥരനെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബച്ചനെതിരെ പ്രതിഷേധമുണ്ടായിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്കുദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയതോടെ വിവാദ രംഗം പിന്‍വലിച്ചിരുന്നു.
 

Latest News