പെപ് ഗാഡിയോളയെ കോച്ചായി കൊണ്ടുവരുമ്പോൾ മാഞ്ചസ്റ്റർ സിറ്റി സ്വപ്‌നം കണ്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽനിന്ന് അവർ പുറത്തായിക്കഴിഞ്ഞു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തിനായി വിയർക്കുകയാണ്. കോച്ചിംഗ് കരിയറിൽ ഇതുവരെ ഒരു ട്രോഫിയെങ്കിലുമില്ലാത്ത വർഷം പിന്നിട്ടിട്ടില്ലാത്ത ഗാഡിയോള വെറുംകൈയുമായാണ് സിറ്റിയിൽ ആദ്യ വർഷം പൂർത്തിയാക്കുന്നത്. ഗാഡിയോളക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുത്ത മാന്വേൽ പെലഗ്രീനിയുടെ കീഴിൽ ഇംഗ്ലിഷ് ലീഗ് കപ്പെങ്കിലും നേടിയിരുന്നു സിറ്റി കഴിഞ്ഞ വർഷം. അനായാസം ചാമ്പ്യൻസ് ലീഗിൽ ബെർത്ത് നേടിക്കൊടുത്തു. 2014 ൽ അവരെ ലീഗ് ചാമ്പ്യന്മാരാക്കി. എന്നാൽ ഗാഡിയോളക്കു കീഴിൽ നന്നായി തുടങ്ങിയ ശേഷം വഴി തെറ്റിയ സിറ്റി സീസൺ അവസാനിക്കുമ്പോൾ അമ്പരന്നു നിൽക്കുകയാണ്. ഗാഡിയോളക്കു കീഴിൽ കളിച്ച ആദ്യ 10 മത്സരങ്ങളും സിറ്റി ജയിച്ചിരുന്നു. പിന്നീടാണ് കാറ്റഴിഞ്ഞത്. ഗബ്രിയേൽ ജീസസിന്റെ പരിക്ക് സിറ്റിക്ക് വലിയ ആഘാതമായി.
എന്നാൽ അതൊന്നും സിറ്റിയുടെ ഉടമകളായ അബുദാബിയിലെ ശെയ്ഖ് മൻസൂറിനെ തളർത്തിയിട്ടില്ല. ഗാഡിയോളക്ക് അദ്ദേഹം പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ കരുത്തോടെ ടീമിനെ ഒരുക്കാനുള്ള യത്‌നത്തിലാണ് കോച്ചും ഉടമയും. ആദ്യ സീസണിൽ നിരാശപ്പെടുത്തിയതിൽ ഗാഡിയോളക്ക് കുലുക്കമില്ലെന്നാണ് സൂചന. ആദ്യ വർഷം പ്രയാസകരമായിരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെന്ന് ടീം വൃത്തങ്ങൾ പറയുന്നു. തന്റെ തന്ത്രങ്ങളും ശൈലിയുമായും ഇണങ്ങാൻ കളിക്കാർ സമയമെടുക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഗാഡിയോള കോച്ചായി വന്ന ശേഷം ലക്ഷ്യമിട്ടിരുന്ന പല കളിക്കാരെയും സിറ്റിക്ക് കഴിഞ്ഞ വർഷം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. യുവന്റസിന്റെ ലിയനാഡൊ ബോനൂചിയെയും അലക്‌സ് സാൻഡ്രോയെയുമായിരുന്നു കോച്ച് പ്രധാനമായും നോട്ടമിട്ടിരുന്നത്. ടീമിൽ പ്രധാനമായൊരു ലീഡർ ഇല്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവീര്യം നൽകുന്ന കളിക്കാരില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. മോണകോയോട് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തോറ്റതിന് അതായിരുന്നു കാരണം. രണ്ട് ഘട്ടങ്ങളിലായി ടീമിനെ ഉടച്ചുവാർക്കാനായിരുന്നു ഗാഡിയോളയുടെ പദ്ധതി. ഗാഡിയോള ചുമതലയേൽക്കുമ്പോൾ 30 വയസ്സ് കഴിഞ്ഞ 14 കളിക്കാരുണ്ടായിരുന്നു ടീമിൽ. പലരും എളുപ്പം പരിക്കേൽക്കുന്ന പ്രകൃതക്കാരായിരുന്നു. ഇതിൽ ആറു പേരെ കഴിഞ്ഞ വർഷം ഒഴിവാക്കി. ബാക്കിയുള്ളവരെ ഈ വർഷം ഒഴിവാക്കും.
ഇൽകെ ഗുണ്ടോഗന് പരിക്കേറ്റത് ഗാഡിയോളക്ക് വലിയ ക്ഷീണമായിരുന്നു. ബാഴ്‌സലോണയിൽ ഷാവിയും ബയേൺ മ്യൂണിക്കിൽ തിയാഗൊ അൽകന്തറയുമെന്നതു പോലെ സിറ്റി മധ്യനിരയിലെ എഞ്ചിനായി ഗുണ്ടോഗനെ ഉപയോഗിക്കാനായിരുന്നു ഗാഡിയോള ആലോചിച്ചിരുന്നത്. അതിന്റെ കൂടെയാണ് ഡാവിഡ് സിൽവക്ക് പരിക്കേറ്റത്. സിൽവ ഇല്ലാതിരുന്നപ്പോൾ ടീമിന് ജീവനുണ്ടായിരുന്നില്ല.
സെർജിയൊ അഗ്വിരോ പ്രിയങ്കരനായിരുന്നുവെങ്കിലും നേതൃഗുണമില്ലായിരുന്നു. പ്രധാന മത്സരങ്ങളിൽ, പ്രത്യേകിച്ചും റയൽ മഡ്രീഡിനെതിരെ അഗ്വിരൊ മങ്ങി. അടുത്ത സീസണിൽ അഗ്വിരൊ റിസർവ് ബെഞ്ചിലായിരിക്കും. പതിനെട്ടുകാരൻ ഗബ്രിയേൽ ജീസസിനായിരിക്കും മുൻഗണന. അഗ്വിരോക്ക് വൻ തുകയുടെ വാഗ്ദാനവുമായി ചൈനീസ് ക്ലബ്ബുകൾ മുന്നോട്ടു വരികയാണെങ്കിൽ വിൽക്കുന്നതും ആലോചിക്കും.
ടീമിൽ പല കളിക്കാർക്കും വൻ തുകയാണ് വേതനം. വില ഒക്കാത്തതിനാൽ പാബ്‌ലൊ സബലേറ്റ, സാമിർ നസ്‌രി, ജോ ഹാർട്, എലിയാക്വിം മൻഗാല, വിൽഫ്രീഡ് ബോണി എന്നിവരെയൊന്നും വിൽക്കാനായില്ല. അതേസമയം വെറ്ററൻ ഗോൾകീപ്പർ വില്ലി കബയേരോയെ നിലനിർത്തും. ക്ലോഡിയൊ ബ്രാവൊ പരുങ്ങിയ ഘട്ടത്തിൽ ടീമിന്റെ രക്ഷകനായത് കബയേരോ ആയിരുന്നു. സിറ്റി പ്രതിരോധത്തിലെ ദുർബല കണ്ണിയാണെങ്കിലും നിക്കൊളാസ് ഓട്ടാമെന്റിയും സ്ഥാനം നിലനിർത്തിയേക്കും. ഓട്ടാമെന്റിയുടെ പാസിംഗ് ഏറെ മെച്ചപ്പെട്ടതായാണ് ഗാഡിയോള വിലയിരുത്തുന്നത്.
അടുത്ത സീസണിൽ എട്ട് കളിക്കാരെയെങ്കിലും സിറ്റി വാങ്ങും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് പോലെ ശക്തമായ പോരാട്ടം അരങ്ങേറുന്ന ലീഗിൽ താൻ സാധാരണ നിലനിർത്തുന്നതിനേക്കാൾ വലിയ ടീം വേണമെന്ന് ഗാഡിയോള തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യ സീസണിൽ 15 കോടി പൗണ്ടാണ് ഗാഡിയോള ചെലവിട്ടത്. രണ്ടോ മൂന്നോ ഫുൾബാക്കുകളെ ടീമിലെടുത്ത് സിറ്റിയുടെ പ്രധാന ദൗർബല്യം പരിഹരിക്കുകയാണ് ഗാഡിയോളയുടെ ലക്ഷ്യം. ഒരു സെൻട്രൽ ഡിഫന്ററെയോ അലക്‌സിസ് സാഞ്ചസിനെ പോലെ ഒരു സ്‌ട്രൈക്കറെയോ തീർച്ചയായും ടീമിലെടുക്കാൻ പദ്ധതിയുണ്ട്.






