ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാറായി

കുവൈത്ത് സിറ്റി- ഗാര്‍ഹികത്തൊഴില്‍ കരാര്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ഇന്ത്യയും കുവൈത്തും ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമാണ് ഒപ്പുവച്ചത്.

ഇന്ത്യയില്‍നിന്നു കുവൈത്തിലേക്കു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്് ചെയ്യുന്നതു സുതാര്യമാക്കാനും തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.  അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രമായിരിക്കണം റിക്രൂട്ട്്‌മെന്റ്. കുറഞ്ഞ വേതനം മൂന്നക്കത്തില്‍ കുറയാത്തത് ആകും. ഏപ്രിലില്‍ കുവൈത്തില്‍ നടന്ന ഇന്ത്യ-കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമതു യോഗത്തിലാണു ഗാര്‍ഹിക തൊഴില്‍ കരാറിനുള്ള കരടിന് അംഗീകാരം ആയത്.

ചടങ്ങില്‍ കുവൈത്ത് വിദേശകാര്യ സഹമന്തി ഖാലിദ് അല്‍ ജാറല്ല, വിദേശമന്ത്രാലയത്തില്‍ ഏഷ്യന്‍ വിഭാഗം സഹമന്ത്രി അലി അല്‍ സഈദ്, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം, ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍, വിദേശമന്ത്രാലയത്തിലെ ഗള്‍ഫ് വിഭാഗം മേധാവി ഡോ.നാഗേന്ദ്ര പ്രസാദ്, ജോ.സെക്രട്ടറി അപൂര്‍വ ശ്രീവാസ്തവ, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കെ.കെ.പഹല്‍, സെക്കന്‍ഡ് സെക്രട്ടറി (ലേബര്‍) യു.എസ്.സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News