ഹോട്ടലുകളിൽ 64 ശതമാനവും മക്ക പ്രവിശ്യയിൽ
റിയാദ്- സൗദിയിൽ രണ്ടായിരത്തിലേറെ ഹോട്ടലുകളുള്ളതായി ഔദ്യോഗിക കണക്ക്. രാജ്യത്ത് ആകെ 2231 ഹോട്ടലുകളാണുള്ളതെന്ന് സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു. ഇതിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏഴു ശതമാനം മാത്രമാണ്. ഹോട്ടലുകളിൽ ബഹുഭൂരിഭാഗവും മക്കയിലും മദീനയിലുമാണ്. മക്കയിലും മദീനയിലും 1840 ഹോട്ടലുകളുണ്ട്. രാജ്യത്ത് ആകെ 4868 ഫർണിഷ്ഡ് അപാർട്ട്മെന്റുകളുണ്ട്. ഏറ്റവും കൂടുതൽ ഫർണിഷ്ഡ് അപാർട്ട്മെന്റുകളുള്ളത് റിയാദിലാണ്. ഇവിടെ 1379 ഫർണിഷ്ഡ് അപാർട്ട്മെന്റുകളുണ്ട്.
രാജ്യത്ത് ആകെ 153 പഞ്ചനക്ഷത്ര ഹോട്ടലുകളാണുള്ളത്. 181 ഫോർ സ്റ്റാർ ഹോട്ടലുകളും 415 ത്രീസ്റ്റാർ ഹോട്ടലുകളും 336 ടു സ്റ്റാർ ഹോട്ടലുകളും 1146 സിംഗിൾസ്റ്റാർ ഹോട്ടലുകളും രാജ്യത്തുണ്ട്. ആകെയുള്ള 4868 ഫർണിഷ്ഡ് അപാർട്ട്മെന്റുകളിൽ പതിനാറെണ്ണം ഫസ്റ്റ് ഗ്രേഡും 1383 എണ്ണം സെക്കന്റ് ഗ്രേഡും 2226 എണ്ണം തേഡ് ഗ്രേഡും 1243 എണ്ണം ഫോർത്ത് ഗ്രേഡുമാണ്.
ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് മക്ക പ്രവിശ്യയിലാണ്. രാജ്യത്തുള്ള ആകെ ഹോട്ടലുകളിൽ 64 ശതമാനവും മക്ക പ്രവിശ്യയിലാണ്. ഇവിടെ ആകെ 1442 ഹോട്ടലുകളുണ്ട്. മക്ക പ്രവിശ്യ കഴിഞ്ഞാൽ ഏറ്റവുമധികം ഹോട്ടലുകളുള്ളത് മദീനയിലാണ്. ഇവിടെ 398 ഹോട്ടലുകളുണ്ട്. കിഴക്കൻ പ്രവിശ്യയിൽ 110 ഉം റിയാദിൽ 105 ഉം ജിസാനിൽ 48 ഉം നജ്റാനിൽ 35 ഉം അസീറിൽ 25 ഉം തബൂക്കിൽ 17 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 17 ഉം അൽഖസീമിൽ 11 ഉം അൽബാഹയിൽ ഒമ്പതും ഹായിലിൽ ഏഴും അൽജൗഫിൽ ഏഴും ഹോട്ടലുകളുണ്ട്.
റിയാദിൽ 1379 ഉം മക്കയിൽ 1094 ഉം കിഴക്കൻ പ്രവിശ്യയിൽ 554 ഉം ജിസാനിൽ 314 ഉം നജ്റാനിൽ 167 ഉം അസീറിൽ 371 ഉം തബൂക്കിൽ 145 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 49 ഉം അൽഖസീമിൽ 238 ഉം അൽബാഹയിൽ 100 ഉം ഹായിലിൽ 159 ഉം അൽജൗഫിൽ 94 ഉം ഫർണിഷ്ഡ് അപാർട്ട്മെന്റുകളുണ്ടെന്നും സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
റിയാദിൽ ലൈസൻസില്ലാത്ത ഹോട്ടലുകൾ
റിയാദ്- ടൂറിസം, ദേശീയ പൈതൃക വകുപ്പ് റിയാദ് ശാഖയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖയും ഉലയ്യ ബലദിയയും സഹകരിച്ച് സുലൈമാനിയ ഡിസ്ട്രിക്ടിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്മെന്റുകളിലും നടത്തിയ പരിശോധനകളിൽ ലൈസൻസില്ലാത്ത 32 സ്ഥാപനങ്ങൾ കണ്ടെത്തി. വരും ദിവസങ്ങളിൽ റിയാദിലെ മറ്റു ഡിസ്ട്രിക്ടുകളിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്മെന്റുകളിലും പരിശോധനകൾ നടത്തുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് റിയാദ് ശാഖ മേധാവി അബ്ദുൽ അസീസ് ആലുഹസൻ പറഞ്ഞു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടപ്പിക്കുകയും മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഹോട്ടലുകളിലെയും ഫർണിഷ്ഡ് അപാർട്ട്മെന്റുകളിലെയും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടെ പദവികൾ ശരിയാക്കുന്നതിനുമാണ് റെയ്ഡുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുൽ അസീസ് ആലുഹസൻ പറഞ്ഞു.