മനാമ- ഇരുപത് ദിവസമായി കാണാനില്ലാത്ത മലയാളിയെത്തേടി ബന്ധുക്കള്‍. ഒക്‌ടോബര്‍ 11 ന് രാത്രി ഒമ്പത് മണിയോടെ റിഫയില്‍നിന്ന് കാണാതായ സാജു കുര്യനെ ഇനിയും കണ്ടെത്താനായില്ല. 55 കാരനായ സാജു സ്‌ലാം സര്‍വീസസ് ഗ്രൂപ്പിലെ ജോലിക്കാരനായിരുന്നു.
ഒക്‌ടോബര്‍ 14 ന് റഫ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. സാജു താമസിക്കുന്ന മുറിയില്‍നിന്ന് അദ്ദേഹത്തിന്റെ മൊബൈലും വസ്ത്രങ്ങളുമടക്കമുള്ള സാധനങ്ങളും നഷ്ടമായിരുന്നു.
20 ദിവസമായി സാജുവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ബന്ധു മഞ്ജു വര്‍ഗീസ് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ഥന. തിരുവനന്തപുരം സ്വദേശിയാണ് സാജു.
ഇന്ത്യന്‍ എംബസിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സാജുവിന്റെ ഭാര്യ പരാതി അയച്ചിരുന്നു. എംബസിയില്‍നിന്ന് മറുപടി ലഭിച്ചിരുന്നു. പോലീസില്‍നിന്ന് വിവരമൊന്നും ലഭിച്ചില്ലെന്നായിരുന്നു മറുപടി.
കേരളത്തിലിരുന്ന് തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നും അതിനാല്‍ ബഹ്‌റൈനിലെ പ്രവാസികള്‍ സഹായിക്കണമെന്നുമാണ് കുടുംബത്തിന്റെ അഭ്യര്‍ഥന. ഭാര്യ ബിന്ദുവും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. സഹോദരന്‍ ബഹ്‌റൈനിലുണ്ടെങ്കിലും അദ്ദേഹത്തിനും ഇതേക്കുറിച്ച് വിവരമൊന്നുമില്ല. സാജുവിനെ കാണാതായ വിവരമറിഞ്ഞതോടെ ബോധരഹിതയായ ബിന്ദു ഇപ്പോഴും ആശുപത്രിയിലാണ്.