അക്ഷരമധുരം നുകരാം, ഷാര്‍ജ പുസ്തകമേളക്ക് തുടക്കമായി

ഷാര്‍ജ- മലയാളത്തില്‍ നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1800 പരിപാടികളുമായി ഷാര്‍ജ പുസ്തകമേളക്ക് തുടക്കമായി. 19 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പുസ്തകങ്ങളില്‍ ഒപ്പുവെക്കുന്ന പരിപാടികളുമുണ്ടാകും. 37–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

12 പുതിയ പ്രസാധകരടക്കം മലയാളത്തില്‍നിന്നുള്ള ഒട്ടുമിക്ക പ്രസാധകരും മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ ഭാഷകളില്‍ നിന്നുള്ള ഇസ്‌ലാമിക പുസ്തകങ്ങളാണ് ഇപ്രാവശ്യത്തെ പ്രത്യേകത.  ഇതാദ്യമായി തമിഴില്‍നിന്ന് 12 പ്രസാധകരെത്തി. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, കവിയും എംപിയുമായ കനിമൊഴി, നടന്‍ പ്രകാശ് രാജ് തുടങ്ങിയവരാണ് തമിഴില്‍നിന്നെത്തുന്ന പ്രമുഖര്‍. ശശി തരൂര്‍, ചേതന്‍ ഭഗത് എം.പി.അബ്ദുല്‍ സമദ് സമദാനി എന്നീ പ്രമുഖരെ കൂടാതെ, മാപ്പിളപ്പാട്ടു ഗായകന്‍ എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടും ആകര്‍ഷണമായിരിക്കും.


http://malayalamnewsdaily.com/sites/default/files/2018/10/31/3671455509.jpg
ജപാനാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 13 ജപാനീസ് എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന 100 പരിപാടികളുണ്ട്.  അവാര്‍ഡ് ജേതാക്കളായ അള്‍ജീരിയന്‍ എഴുത്തുകാരന്‍ അഹ് ലം മുസ്തഗാനമി, പലസ്തീനിയന്‍ നോവലിസ്റ്റും കവിയുമായ ഇബ്രാഹിം നസ്രല്ല എന്നിവരടക്കം അറബ് ലോകത്തെ പ്രമുഖരും ബ്രിട്ടീഷ് എഴുത്തുകാരി എമ്മാ ഗാനന്‍, അമേരിക്കന്‍ എഴുത്തുകാരി ഡോ.ലിയോണാര്‍ഡ് മില്‍ദിനോവ് തുടങ്ങിയ എഴുത്തുകാര്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷം തുറന്ന ഏഴാം നമ്പര്‍ ഹാളിലാണ് ഇപ്രാവശ്യവും കേരളത്തില്‍നിന്നടക്കമുള്ള ഇന്ത്യന്‍ പ്രസാധകര്‍ അണിനിരക്കുന്നത്. പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് റൈറ്റേഴ്‌സ് ഫോറം എന്ന പേരില്‍ ഒരു വേദികൂടി എക്‌സ്‌പോ സെന്ററില്‍ ഇപ്രാവശ്യം ഒരുക്കി. 170ലേറെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളടക്കം പ്രവാസി മലയാളികളുടേതാണ്.

യു.കെ.കുമാരന്‍, സന്തോഷ് എച്ചിക്കാനം, എസ്. ഹരീഷ്, മനു എസ്. പിള്ള, കെ.വി. മോഹന്‍കുമാര്‍. ദീപാ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപര്‍, നന്ദിത ദാസ്, ലില്ലി സിങ് ,സംഗീതജ്ഞന്‍ ഡോ. എല്‍. സുബ്രമണ്യം, കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, നടി സോഹ അലി ഖാന്‍, ചലിച്ചിത്രനടന്‍ മനോജ് കെ.ജയന്‍,  എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി, മോട്ടിവേഷന്‍ ട്രെയിനര്‍മാരായ ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍ എന്നിവര്‍ വിവിധവേദികളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.  
രാവിലെ ഒന്‍പത് മുതല്‍ രാത്രി 10വരെയാണ് മേളയിലേക്കുള്ള സൗജന്യ പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 11 വരെയും.

 

 

Latest News