Sorry, you need to enable JavaScript to visit this website.

ആഗോളഗ്രാമമൊരുങ്ങി, ഇനി ദുബായിലേക്ക് പോകാം

ദുബായ്- ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ഒറ്റ ഗ്രാമത്തിലേക്ക് ഒതുക്കി ലോകത്തിന്റെ വൈവിധ്യക്കാഴ്ചകള്‍ പകരാന്‍ ദുബായില്‍ ആഗോളഗ്രാമമൊരുങ്ങി. ഏപ്രില്‍ ആറു വരെ ഇനി ദുബായിലെ ഗ്ലോബല്‍ വില്ലേജ് ലോകസഞ്ചാരികളുടെ ഇടത്താവളം.

ഏറെ പുതുമകളോടെയാണ് ഇത്തവണ ആഗോള ഗ്രാമം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ഈജിപ്ത്, ഇറാന്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങി 78 രാജ്യങ്ങള്‍ക്ക് പവിലിയനുകളുണ്ട്. ഗ്ലോബല്‍ വില്ലേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പവലിയനാണ് യു.എ.ഇ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മള്‍ട്ടികള്‍ച്ചറല്‍ ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് (ഒഴുകുന്ന ചന്ത) ആണ് ഈ വര്‍ഷത്തെ പ്രധാന സവിശേഷതകളിലൊന്ന്.


 http://malayalamnewsdaily.com/sites/default/files/2018/10/31/6.jpg


കുട്ടികള്‍ക്കായി പ്രത്യേക ഇന്ററാക്ടീവ് തിയറ്റര്‍. കരിമരുന്നു പ്രയോഗം,സംഗീത ജലധാര, സ്റ്റണ്ട് രംഗങ്ങളുടെ പുനരാവിഷ്കരണം തുടങ്ങി വേറേയും കാഴ്ചകളേറെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം സ്റ്റണ്ട് കലാകാരന്‍മാരാണ് എത്തുന്നത്. എല്ലാം നുകര്‍ന്ന് മികച്ച ഷോപ്പിംഗ് അനുഭവവും സ്വന്തമാക്കി മടങ്ങാം.

വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം. വ്യാഴം, വെള്ളി, അവധി ദിവസങ്ങള്‍ രാത്രി ഒരു മണിവരെ. തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും മാത്രം.  റാഷിദിയ മെട്രോ സ്‌റ്റേഷന്‍, യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍, ഗുബൈബ സ്‌റ്റേഷന്‍, എമിറേറ്റ്‌സ് മാള്‍ എന്നിവിടങ്ങളില്‍നിന്ന് ബസ് സര്‍വീസുകള്‍ ഉണ്ടാകും. പതിനഞ്ചു ദിര്‍ഹമാണ് പ്രവേശനനിരക്ക്. മൂന്നു വയസ്സില്‍ താഴെയും 65 വയസ്സില്‍ കൂടുതലും ഉള്ളവര്‍ക്ക് പ്രവേശനം സൗജന്യം.

 

 

Latest News