മോഡി സര്‍ക്കാരിന്റെ ഇടപെടല്‍ അതിരുവിട്ടു; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങി

മുംബൈ- കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ)യും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍.ബി.ഐ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.ബി.സി ടിവി18 ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സര്‍ക്കാരിനും പട്ടേലിനുമിടയില്‍ വലിയ വിള്ളലാണ് ഉണ്ടായിരിക്കുന്നതെന്നും എല്ലാ വഴികളും പരിഗണനയിലുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ആര്‍.ബി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതല്‍ മോശം വാര്‍ത്തകള്‍ ഇന്നുണ്ടായേക്കുമെന്ന സൂചന നല്‍കി മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ട്വീറ്റുമുണ്ട്.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത് കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്യത്തെ ബാധിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരള്‍ ആചാര്യ നാലു ദിവസം മുമ്പ് ഒരു പൊതു പരിപാടിയില്‍ പരസ്യമായി പറഞ്ഞതോടെയാണ് കേന്ദ്രവും ആര്‍ബിഐയും തമ്മിലുള്ള പോര് മറനീക്കി പുറത്തു വന്നത്. ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ് നിര്‍ദേശിച്ചതെന്നു കൂടി ആചാര്യ പറഞ്ഞതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.

ഇതിനു പിന്നാലെ ആര്‍.ബി.ഐയെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാരും ചൊവ്വാഴ്ച രംഗത്തെത്തി. കിട്ടാക്കട പ്രതിസന്ധിയുടെ കാരണക്കാര്‍ റിസര്‍വ് ബാങ്കാണെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം ആരോപിച്ചത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു തള്ളുന്നതിനു വേണ്ടി ബാങ്കുകള്‍ വായ്പാ വിതരണം ഉദാരമാക്കിയിരുന്നു. ഇത് 2014ല്‍ അവസാനിച്ചെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
 

Latest News