റിയാദ്- നീതിന്യായ സംവിധാനങ്ങളുടെ പരിഷ്‌കരണത്തിൽ പുതിയ അധ്യായം തുറന്ന്, നീതിന്യായ സംവിധാനത്തിനു കീഴിൽ രാജ്യത്ത് ഇന്നലെ മുതൽ ലേബർ കോടതികൾ പ്രവർത്തനം തുടങ്ങി. തൊഴിൽ കേസ് വിചാരണ വേഗത്തിലാക്കുന്നതിനും കക്ഷികൾക്ക് സാധ്യമായത്ര വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ലേബർ കോടതികൾ നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗസിൽ പ്രസിഡന്റുമായ ശൈഖ് ഡോ.വലീദ് അൽസ്വംആനി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം റിയാദ് ലേബർ കോടതി മന്ത്രി സന്ദർശിച്ചു. മൂന്നു വർഷം നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നീതിന്യായ സംവിധാനത്തിനു കീഴിൽ ലേബർ കോടതികൾ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബർ ഓഫീസുകളോട് ചേർന്നുള്ള തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. തൊഴിൽ കേസുകളിൽ വിചാരണ വേഗത്തിലാക്കുന്നതിനും കക്ഷികൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനും ലേബർ കോടതികൾ നീതിന്യായ സംവിധാനത്തിനു കീഴിലേക്ക് മാറ്റിയതിലൂടെ സാധിക്കും.
പൂർണമായും ഡിജിറ്റൽവൽക്കരിച്ചതിനാൽ ലേബർ കോടതികൾക്ക് വേഗത്തിൽ കേസുകളിൽ തീർപ്പ് കൽപിക്കുന്നതിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിചയസമ്പത്തും യോഗ്യതകളും പരിഗണിച്ചാണ് ലേബർ കോടതി ജഡ്ജിമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് മികച്ച പരിശീലനങ്ങളും നൽകിയിട്ടുണ്ട്. ലേബർ കോടതികൾ തീർപ്പ് കൽപിക്കുന്ന ചില കേസുകളിൽ അപ്പീൽ നൽകുന്നതിന് സാധിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് നീതിന്യായ മന്ത്രി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി. ഇരുപതിനായിരം റിയാലിൽ കൂടാത്ത തുക ആവശ്യപ്പെട്ടുള്ള പരാതികൾ, സർവീസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള കേസുകൾ, തൊഴിലുടമ കൈവശം വെച്ച തൊഴിലാളിയുടെ രേഖകൾ ആവശ്യപ്പെട്ടുള്ള കേസുകൾ, ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പ് കൽപിക്കുന്ന പ്രത്യേക കമ്മിറ്റുകളുടെ വിധികൾ, ഇരുപതിനായിരം റിയാലിൽ കൂടാത്ത തുകയുമായി ബന്ധപ്പെട്ട് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലെ ബന്ധപ്പെട്ട വകുപ്പ് പ്രഖ്യാപിക്കുന്ന വിധികൾ എന്നിവയിലാണ് അപ്പീൽ സ്വീകരിക്കാതിരിക്കുക.
നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ജുഡീഷ്യൽ സംവിധാനത്തിലേക്ക് തൊഴിൽ കേസ് വിചാരണ മാറ്റുന്നതിനും ജുഡീഷ്യൽ സംവിധാനത്തിനു കീഴിൽ ലേബർ കോടതികൾ സ്ഥാപിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയും നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ.വലീദ് അൽ സ്വംആനിയും രണ്ടു മാസം മുമ്പ് ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ലേബർ കോടതികളുടെ വിജയകരമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ, നീതിന്യായ മന്ത്രാലയ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല സ്ഥിരം കർമസമിതി രൂപീകരിച്ചിട്ടുണ്ട്. ലേബർ കോടതികളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിന് പരസ്പരം സഹകരിക്കുന്നതിനും സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ റിയാദ്, മക്ക, ജിദ്ദ, അബഹ, ദമാം, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ലേബർ കോടതികൾ ആരംഭിച്ചിരിക്കുന്നത്. ഇവക്കു പുറമെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും ജനറൽ കോടതികളിൽ തൊഴിൽ കേസുകൾക്ക് 27 ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. ആറു അപ്പീൽ കോടതികളിൽ തൊഴിൽ കേസുകൾക്ക് ഒമ്പത് മൂന്നംഗ ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്.
നീതിന്യായ മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് തൊഴിൽ കേസുകൾക്ക് നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിച്ചിരിക്കുന്നത്. വാണിജ്യ കേസുകൾക്ക് മാത്രമായി നീതിന്യായ സംവിധാനത്തിനു കീഴിൽ പ്രത്യേക വാണിജ്യ കോടതികളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തൊഴിൽ, വാണിജ്യ കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിന് പുതിയ പരിഷ്‌കരണങ്ങൾ സഹായിക്കും. നിലവിൽ എതിർ കക്ഷികൾ കരുതിക്കൂട്ടി ഹാജരാകാത്തതു മൂലം ചില തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കുന്നതിന് വർഷങ്ങളെടുക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്ക് പുതിയ കോടതികൾ അന്ത്യം കുറിക്കുമെന്നാണ് കരുതുന്നത്.