Sorry, you need to enable JavaScript to visit this website.

ചെങ്കടലിലെ ന്യൂനമര്‍ദം യു.എ.ഇയില്‍ മഴക്ക് കാരണമായി

അബുദാബി- ചെങ്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് യു.എ.ഇയിലെ കനത്ത മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയുടെ വടക്ക്, മധ്യഭാഗങ്ങളിലൂടെ യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളിലേക്ക് നീങ്ങിയതാണ് ഇടിയോടുകൂടിയ ശക്തമായ കാറ്റും മഴയും അനുഭവപ്പെടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലും ഫുജൈറയിലും ഉരുള്‍പൊട്ടിയിരുന്നു. വാദികള്‍ നിറഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിര്‍ത്തിയിട്ട വാഹനങ്ങളും ഒലിച്ചുപോയി. യു.എ.ഇയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതവും വിനോദസഞ്ചാര കേന്ദ്രവുമായ ജബല്‍ ജെയ്‌സിലേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു.

http://malayalamnewsdaily.com/sites/default/files/filefield_paths/5.jpg

മലമുകളില്‍നിന്നുള്ള  മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാല്‍ വിവിധ പ്രദേശങ്ങളിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. സ്കൂള്‍ ബസുകളും വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ശക്തമായ കാറ്റും മഴയും പലയിടത്തും നാശം വിതച്ചു. മരങ്ങള്‍ കടപുഴകി. കെട്ടിടത്തിന് മുകളിലെ ഡിഷുകളും സൈന്‍ബോഡുകളും പറന്നുപോയി. വീശിയടിച്ച ശക്തമായ കാറ്റില്‍ ബഹുനില കെട്ടിടത്തിനകത്തുവരെ വെള്ളം കയറി. വടക്കന്‍ എമിറേറ്റുകളിലെ വടക്കുപടിഞ്ഞാറ്  തീരപ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു. ഇതോടെ താപനിലയും കുറഞ്ഞു. വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ കാലാസവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഓര്‍മിപ്പിച്ചു.

ഫുജൈറയിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലമുകളില്‍നിന്ന് കുത്തിയൊഴുകിയെത്തിയ വെള്ളവും കല്ലും മണ്ണും റോഡുകളില്‍ നിറഞ്ഞത് ഗതാഗതത്തെ തടസപ്പെടുത്തി. ഖോര്‍ഫക്കാനിലും ഷാര്‍ജയുടെ ഏതാനും ഭാഗങ്ങളിലും വരെ മഴ അനുഭവപ്പെട്ടു.

അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്‌റയിലും സമീപ പ്രദേശങ്ങളിലുമാണ് മഴ പെയ്തത്. അടുത്ത ഏതാനും ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്നും മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

Latest News