ന്യുദല്‍ഹി- വിദ്യാര്‍ത്ഥി വിനിമയത്തിന്റെ ഭാഗമായി ദല്‍ഹിയിലെ സ്‌കൂളില്‍ പഠിക്കാനെത്തിയ ഫ്രഞ്ച് കൗമാരക്കാരിയെ സഹപാഠിയുടെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 16കാരിയായ ഫ്രഞ്ച് വിദ്യാര്‍ത്ഥിനി സഹപാഠിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെ ഒക്ടോബര്‍ 18ന് രാത്രിയാണ് പ്രതി തന്നെ മുറിയില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ 23ന് സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. സൗത്ത് ദല്‍ഹിയിലെ സാകേതിലെ അപാര്‍ട്ട്‌മെന്റിലാണ് പീഡനം നടന്നത്. പഠനത്തിന്റെ ഭാഗമായി ജയ്പൂരിലേക്ക് പോകാന്‍ ബാഗ് പാക്ക് ചെയ്യുന്നതിനിടെ ഉപദേശങ്ങളുമായി മുറിയില്‍ എത്തിയ 55കാരനായ പ്രതി അടുത്ത് വന്ന് കടന്നു പിടിച്ച് ചുംബിക്കുകയും സ്തനങ്ങളില്‍ പിടിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കൈകള്‍ ബലമായ പിടിച്ചു വലിച്ച് ലൈംഗികാവയവത്തില്‍ തൊടീച്ചെന്നും പരാതിയില്‍ പറയുന്നു. അപ്രതീക്ഷിത ലൈംഗികാതിക്രമത്തില്‍ മാനസികമായി തകര്‍ന്നെന്നും പെണ്‍കുട്ടി പറയുന്നു.
തൊട്ടടുത്ത ദിവസം ബസ് ജയ്പൂരിലേക്ക് പോകുന്നതിനിടെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി സംഭവം കൂട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. സഹപാഠികള്‍ അധ്യാപകരെ വിവരമറിയിച്ചു. താമസിയാതെ ഫ്രഞ്ച് എംബസിയേയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളേയും വിവരമറിയിച്ചു. പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ നിന്നും സുരക്ഷിത ഇടത്തേക്കു മാറ്റിത്താമസിപ്പിച്ചു. ആതിഥേയായ സഹപാഠി വിദ്യാര്‍ത്ഥി വിനിമയത്തിന്റെ ഭാഗമായി ജൂണില്‍ ഫ്രാന്‍സില്‍ ചെന്നപ്പോള്‍ താമസിച്ചിരുന്നത് ഈ പെണ്‍കുട്ടിയുടെ വീട്ടിയിലായിരുന്നു. ഒക്ടോബര്‍ 13നാണ് ഫ്രഞ്ച് വിദ്യാര്‍ത്ഥിനി ഇന്ത്യയിലെത്തിയത്. ഫ്രാന്‍സില്‍ തന്റെ അതിഥിയായിരുന്ന സഹപാഠിയുടെ വീടാണ് ഇന്ത്യയില്‍ ഈ വിദ്യാര്‍ത്ഥിനിക്ക് അനുവദിച്ചത്. സംഭവത്തെ കുറിച്ച് ഇവര്‍ പഠിക്കുന്ന ദല്‍ഹിയിലെ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.