Sorry, you need to enable JavaScript to visit this website.

മകളുടെ മരണത്തിന് ഉത്തരവാദികളെ അഴിക്കുള്ളിലാക്കാനാവശ്യപ്പെട്ട് ഇനി അബൂട്ടി വരില്ല

ഷംനയും അബൂട്ടിയും

മസ്‌കറ്റ്- മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇനി കണ്ണീരുമായി ആ പിതാവ് മുന്നിലെത്തില്ല. എം.ബി.ബി.എസ് വിദ്യാർഥിയായ മകളുടെ മരണത്തിന് കാരണക്കരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്  കഴിഞ്ഞ രണ്ടുവർഷമായി നിരന്തരപോരാട്ടം നടത്തിയിരുന്ന കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടി (52) ഇന്നലെ ഒമാനില്‍ തളർന്നുവീണു മരിച്ചു. മകൾ ഷംനയുടെ മരണത്തന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു അബൂട്ടിയുടെ ആവശ്യം. വിസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച്ച മുമ്പാണ് മസ്്കറ്റിലേക്ക് പോയത്. അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. 2016 ജൂലൈ 18നാണ് കൊച്ചി മെഡിക്കൽ കോളേജിൽ വിദ്യാർഥിയായിരുന്ന ഷംന മരിച്ചത്. പനിക്ക് കുത്തിവെപ്പ് എടുത്ത ഉടൻ ശ്വാസം നിലച്ചു മരണത്തിന് കീഴടങ്ങുകയായിരുന്നു ഷംന. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ക്രൈംബ്രാഞ്ച് വരെ കണ്ടെത്തിയിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമനടപടിക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് അബൂട്ടി പോരാട്ടം തുടരുകയായിരുന്നു. നിയമപോരാട്ടത്തിനിടെ അബൂട്ടി ഹൃദ്രോഗത്തിനും ഇരയായി.  ഇതിനിടെയാണ് മരണം സംഭവിച്ചത്. 
കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.കെ.ശ്രീകുമാരിയുടെയും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.ടി.കെ സുമയുടെയും നേതൃത്വത്തിൽ വകുപ്പ് തലത്തിൽ രണ്ട് അന്വേഷണങ്ങളാണ് നടന്നത്. ചികിത്സ രേഖകൾ തിരുത്തിയതായും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചികിത്സാ രേഖകൾ തിരുത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൾ വരെയുള്ളവർ ഉത്തരവാദികളാണെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തി. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ അധ്യക്ഷനായി രൂപീകരിച്ച സ്‌റ്റേറ്റ് അപെക്‌സ് ബോഡി വിശദ പരിശോധനകൾക്ക് ശേഷം മെഡിസിൻ വകുപ്പ് മേധാവിയുടെയും ഡ്യൂട്ടി ഫിസിഷ്യന്റെയും പിഴവാണ് ഷംനയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. എന്നിട്ടും കുറ്റക്കാർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ല. മെഡിസിൻ വകുപ്പ് മേധാവിയെ സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഷംനയുടെ വീട് സന്ദർശിച്ച ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. ഡോക്ടർമാർ കുറ്റക്കാരാണെന്നും നടപടിയുണ്ടാകുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. മകൾക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ പത്രസമ്മേളനങ്ങളിലെല്ലാം അബൂട്ടി വിങ്ങിപ്പൊട്ടി. എന്നാൽ ഒരിക്കൽ പോലും അബൂട്ടിയുടെ ആവശ്യങ്ങളോട് സർക്കാർ അനുകൂലമായി പ്രതികരിച്ചില്ല. തനിക്ക് സർക്കാറിന്റെ ധനസഹായം ആവശ്യമില്ലെന്നും മകൾക്ക് നീതി ലഭിക്കുകയാണ് വേണ്ടെന്നുമായിരുന്നു അബൂട്ടിയുടെ ആവശ്യം. പക്ഷെ അത് സർക്കാർ സ്വീകരിച്ചില്ല. വാഗ്ദാനങ്ങൾ നൽകുക മാത്രമായിരുന്നു സർക്കാർ ചെയ്തത്. 
അബൂട്ടിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്. ഭാര്യ: ശരീഫ. മറ്റുമക്കൾ: ഷിബിൻ, ഷിഫ.  


 

Latest News