ജൂതപ്പള്ളി വെടിവെപ്പില്‍ മരണം 11; അക്രമി ജൂതവിരുദ്ധനെന്ന് പോലീസ്

പിറ്റ്‌സ്ബര്‍ഗ്- യുഎസിലെ പിറ്റ്‌സ്ബര്‍ഗില്‍ ജൂത ദേവാലയമായ സിനഗോഗില്‍ ഇരച്ചെത്തി അക്രമി നടത്തിയ വെടിവയ്പ്പാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നാലു പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ട്രീ ഓഫ് ലൈഫ് സിനഗോഗിലാണ് കഴിഞ്ഞ ശനിയാഴ്ച ആക്രമണമുണ്ടായത്. എല്ലാ ജൂതരും മരണം അര്‍ഹിക്കുന്നുവെന്ന് ആക്രോശിച്ചാണ് തോക്കുധാരിയായ അക്രമി പള്ളിയിലേക്ക് അതിക്രമിച്ചു കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് മരിച്ച 11 പേരും. റോബര്‍ട്ട് ബൊവെഴ്‌സ് എന്ന 46-കാരനാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ പോലീസ് വെടിവയ്പ്പിലൂടെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. 

കടുത്ത ജൂത വിരുദ്ധത പ്രചരിപ്പിക്കുന്നയാളണ് ബൊവെഴ്‌സ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു വിദ്വേഷ ആക്രമണമാണെന്നും പ്രതി കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പെന്‍സില്‍വേനിയ അറ്റോര്‍ണി സ്‌കോട്ട് ബാര്‍ഡി അറിയിച്ചു. ആക്രമണം നടത്തിനു മുന്നോടിയായി സമൂഹ മാധ്യമങ്ങളില്‍ പ്രതി ബൊവെഴ്‌സ് കടുത്ത ജൂത വിദ്വേഷപരമായ പ്രചാരണം നടത്തിയിരുന്നതായി കണ്ടെത്തി. ജൂത അഭയാര്‍ത്ഥികളെ യുഎസിലേക്ക് കുടിയേറാന്‍ സഹായിക്കുന്ന ഹിബ്രൂ ഇമിഗ്രന്റ് എയ്ഡ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെ ആയിരുന്നു ഇയാളുടെ അവസാന പോസ്റ്റ്. 'ഈ സംഘടന നുഴഞ്ഞുകയറ്റക്കാരെ കൊണ്ടു വന്ന് നമ്മുടെ ആളുകളെ കൊല്ലുകയാണ്. നമ്മുടെ ആളുകള്‍ കഴുത്തറുത്ത് കൊല്ലപ്പെടുന്നത് കണ്ടിരിക്കാന്‍ കഴിയില്ല. ഒരുങ്ങിക്കോളൂ, ഞാനിതാ എത്തി' എന്നാണ് വെടിവയ്പ്പാക്രമണം നടത്തുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് ബൊവെഴ്‌സ് പോസ്റ്റിട്ടത്. 

ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും നിയമപരമായി ആറു തവണ തോക്കുകള്‍ വാങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനെതിരെയും ഇയാള്‍ പോസ്റ്റിട്ടിട്ടുണ്ട്. യുഎസില്‍ ജൂതര്‍ പടരുന്നത് തടയാന്‍ ട്രംപ് ഒരു ശ്രമവും നടത്തുന്നില്ലെന്നായിരുന്നു ഇയാളുടെ ആക്ഷേപം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.

 

Latest News