കുവൈത്ത് സിറ്റി- രാജ്യത്തെ ഏറ്റവും പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയില്‍ നടക്കുന്നത് വഷളത്തരമാണെന്നു മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷ.
ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ മൂലക്കിരുത്തിയത് കാട്ടുനീതിയാണെന്നു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതിയും ചേര്‍ന്നുള്ള കൊളീജിയം നിയമിച്ച ഉദ്യോഗസ്ഥനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല.
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് ഹരജി നല്‍കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ വഴി കണ്ടെത്താനുള്ള അവധാനത ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട കാര്യം സര്‍ക്കാരിന് ഇല്ല. സന്ദര്‍ശനത്തിന് എത്തുന്നവരെ ആരെങ്കിലും തടയുന്നുവെങ്കില്‍ തടസ്സമില്ലാതെ നോക്കുകയും വേണം.
നാട്ടില്‍ നീതിയും നിയമവും നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് മാധ്യമ ഇടപെടല്‍ തന്നെയാണെന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടു. പല വിഷയങ്ങളിലും പല രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായം പറയാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. മാധ്യമ വിചാരണ കോടതികളെ സ്വാധീനിക്കുന്നുവെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.






