കണ്ണൂര്‍- ഡിസംബറില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനിരിക്കെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ഇറങ്ങാന്‍ വിട്ടുകൊടുത്ത കിയാല്‍ നടപടി വിവാദത്തില്‍. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വ്യോമയാന മന്ത്രാലയം മുഖേനയാണ് ബി.ജെപി ഇതിനുള്ള ശ്രമം നടത്തിയത്. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം വിമാനത്താവള കമ്പനിയായ കിയാല്‍ അതേപടി അനുസരിക്കുകയായിരുന്നു. കൈയും കെട്ടി നോക്കിനില്‍ക്കാനേ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുള്ളൂ.
ദല്‍ഹി ആസ്ഥാനമായ എ.ആര്‍ എയര്‍വേയ്‌സ് കമ്പനിയാണ് അമിത്ഷായുടെ കേരള സന്ദര്‍ശനാര്‍ഥം പ്രത്യേകം വിമാനം ഏര്‍പ്പെടുത്തിയത്. നോണ്‍ ഷെഡ്യൂള്‍സ് വിമാനങ്ങള്‍ പറത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ലൈസന്‍സുള്ള 109 ഏവിയേഷന്‍ കമ്പനികളിലൊന്നാണ് എ.ആര്‍ എയര്‍വേയ്‌സ്. ആദ്യ യാത്രക്കാരനായി എത്തിയ ബിജെപി ദേശീയ അധ്യക്ഷനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലും പരിസരത്തും തടിച്ചുകൂടി. രാവിലെ 11.40ഓടെ പറന്നിറങ്ങിയ അമിത് ഷായെ പാര്‍ട്ടി സംസ്ഥാന നേതാക്കളും കിയാല്‍ അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. അമിത്ഷായോടപ്പം ഭാര്യയും വി.മുരളീധരന്‍ എം.പിയും വിമാനത്തിലുണ്ടായിരുന്നു. ഒ.രാജ ഗോപാല്‍ എംഎല്‍എ, എച്ച്.രാജ, പി.കെ.കൃഷ്ണദാസ്, പി.എസ് ശ്രീധരന്‍പിള്ള, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി, പി.കെ സത്യപ്രകാശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലാണ് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരിലെത്തിയത്. നഗരത്തിലുടനീളം കര്‍ശന ഗതാഗത നിയന്ത്രണം ഒരുക്കിയതിനാല്‍ യാത്രക്കാര്‍ ഏറെനേരം പെരുവഴിയിലായി. താളിക്കാവില്‍ ഓഫിസ് ഉദ്ഘാടനത്തിനു ശേഷം, കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായി സ്വദേശി രമിത്തിന്റെ വസതി സന്ദര്‍ശിച്ചു. തുടര്‍ന്ന് വീണ്ടും മട്ടന്നൂരിലെത്തി വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്രയായി.