കണ്ണൂർ- സുപ്രീം കോടതിക്കും സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമലയിൽ അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്്കാർ നിഷേധിക്കുകയാണെന്നും ഇതാവർത്തിച്ചാൽ സർക്കാറിനെ വലിച്ചുതാഴെയിടാൻ മടിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുയാണ്. ആരുടെ മുതലാണ് അവർ നശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
കോടതികൾ അപ്രായോഗികമായ നിർദ്ദേശങ്ങൾ നൽകുന്നത് അവസാനിപ്പിക്കണം. ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പമാണ്. ഇത് സർക്കാർ മനസിലാക്കണം-അമിത് ഷാ പറഞ്ഞു.
സ്ത്രീ പുരുഷ സമത്വം നടപ്പിലാക്കേണ്ടത് ക്ഷേത്ര ദർശനത്തിലൂടെയല്ല. ഈ മാസം 30 മുതൽ സമരം ശക്തമാക്കുമെന്നും പിണറായി വിജയന് മുഖ്യമന്ത്രി പദവിയിൽ ഇരിക്കാൻ ഒരു നിമിഷം പോലും അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു. ഇത്രയും പ്രവർത്തകരെ എന്തിന് വേണ്ടിയാണ് ജയിലിൽ അടച്ചതെന്ന് വ്യക്തമാക്കണമെന്നും ഇതിനെതിരെ സമരം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി കണ്ണൂർ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാക്ക് കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വീകരണമാണ് നൽകിയത്. ഇന്ന് രാവിലെ പതിനൊന്നരക്കാണ് പ്രത്യേക വിമാനത്തിൽ അമിത് ഷാ കണ്ണൂരിലെത്തിയത്. പിണറായിയിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ ഉത്തമന്റെയും മകൻ രമിത്തിന്റെയും വീടും അമിത് ഷാ സന്ദർശിക്കുന്നു. കനത്ത സുരക്ഷയാണ് അമിത് ഷാക്ക് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്പെഷൻ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തിയിരുന്നു. അമിത്ഷാക്ക് സന്ദർശിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാർ ഇന്നലെ വൈകിട്ടോടെ കണ്ണൂർ എ.ആർ ക്യാമ്പിലെത്തിച്ചു. ജില്ലയിലെ പോലീസുകാർക്ക് ഇന്നലെയും ഇന്നും അവധി നൽകുന്നില്ല. മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന അമിത്ഷാക്ക് ബി.ജെ.പി പ്രവർത്തകർ അവിടെയും സ്വീകരണം ഒരുക്കിയിട്ടുണ്ട.് വിമാനത്താവളത്തിൽ ആദ്യമിറങ്ങുന്ന യാത്രക്കാരൻ എന്ന നിലയിൽ വിമാനത്താവള ഉദ്ഘാടനം എന്ന പ്രതീതിജനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് നേതൃത്വം ബി.ജെ,പി പ്രവർത്തകർക്ക് നൽകിയത.്






