റിയാദ് - രണ്ടു ദശകത്തിനിടെ രാജ്യം ദർശിച്ചിട്ടില്ലാത്ത അതിശക്തമായ മഴക്ക് അടുത്തയാഴ്ച ചില പ്രവിശ്യകൾ സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ സ്വാലിഹ് ബിൻ റാശിദ് അൽമാജിദ് പറഞ്ഞു. മധ്യ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലും പശ്ചിമ സൗദിയിലും ദക്ഷിണ സൗദിയിലെ ഹൈറേഞ്ചുകളിലും ഇന്നു മുതൽ മഴക്കു സാധ്യതയുണ്ട്. ഇത് സീസൺ മഴയാണ്. ഹിജ്റ 1418 ൽ രാജ്യം സാക്ഷ്യം വഹിച്ചതു പോലുള്ള അതിശക്തമായ മഴക്കാണ് സാധ്യത. ഇത് ദിവസങ്ങളോളം തുടരാൻ സാധ്യതയുണ്ട്. മഴ ഏറ്റവുധികം ശക്തി പ്രാപിക്കുക അടുത്തയാഴ്ചയുടെ മധ്യത്തിലായിരിക്കും. റിയാദ്, ദക്ഷിണ സൗദി അറേബ്യ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ശക്തമാവുക. ഇതോടൊപ്പം താപനിലയും കുറയുമെന്ന് സ്വാലിഹ് ബിൻ റാശിദ് അൽമാജിദ് പറഞ്ഞു.
അതേസമയം, മക്ക, മദീന, ഹായിൽ, അൽഖസീം പ്രവിശ്യകളിലും ദക്ഷിണ, പശ്ചിമ സൗദിയിലെ ഹൈറേഞ്ചുകളിലും അടുത്തയാഴ്ച ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മൻ ഗുലാം പറഞ്ഞു. മക്ക, മദീന, ഹായിൽ, അൽഖസീം, പടിഞ്ഞാറൻ റിയാദിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായ മഴയുണ്ടാവുകയെന്നും ഡോ. അയ്മൻ ഗുലാം പറഞ്ഞു.