എം.ബീരാൻകുട്ടി ഹസ്രത്ത് നിര്യാതനായി

കുന്നുംപുറം- കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും വർക്കല മന്നാനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ശൈഖുൽ ഹദീസും ബഹുഭാഷാ പണ്ഡിതനുമായ എം.ബീരാൻകുട്ടി ഹസ്രത്ത് (74) നിര്യാതനായി. ഇന്നലെ രാവിലെ പത്തര മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. 
പരേതരായ മണക്കടവൻ കുഞ്ഞിമൊയ്തീൻ-ഫാത്തിമ എന്നിവരുടെ മകനായ ഹസ്രത്ത് സൂഫിവര്യനായിരുന്ന മലയിൽ ഉണ്ണീൻകുട്ടി മുസ്‌ലിയാരിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
ചെപ്യാലം, നെല്ലിപ്പറമ്പ്, ഉമ്മത്തൂർ സഖാഫതുൽ ഇസ്‌ലാം അറബിക് കോളേജ് എന്നിവിടങ്ങളിൽ മുദരിസായി സേവനം ചെയ്തതിനു ശേഷം 23 വർഷമായി വർക്കല മന്നാനിയ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിലെ ശൈഖുൽ ഹദീസ് പദവി വഹിച്ചു വരികയായിരുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്, ഫാർസി എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. 
കൊളപ്പുറം മുദരിസായിരുന്ന കുഞ്ഞിസൂഫി മുസ്‌ലിയാരുടെ മകൾ ആയിഷയാണ് ഭാര്യ. മക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ, അൻവർ (സൗദി), സൂഫി സ്വാദിഖ്, ഫാത്തിമ, സ്വഫിയ, ഖദീജ. 
മരുമക്കൾ: അബ്ദുറഹീം ഫൈസി, അബ്ദുസ്സത്താർ സഖാഫി, ശറഫുദ്ധീൻ സഖാഫി, സ്വഫിയ്യ, റഷീദ.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി എ.നജീബ് മൗലവി, കെ.എൻ.എ ഖാദർ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി അബൂബക്കർ ഹസ്രത്ത്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തുടങ്ങിയ പ്രമുഖർ വസതി സന്ദർശിച്ചു.
--

Latest News