വാന്‍ഗോഗിന്റെ രചന അബുദാബി ലൂവ്‌റിന് അലങ്കാരമാകും

അബുദാബി- ലൂവ്‌റ് അബുദാബി മ്യൂസിയത്തില്‍ പുതിയ 51 കലാ സാംസ്കാരിക വിസ്മയങ്ങളെത്തി. ലോകപ്രശസ്ത ചിത്രകാരന്മാരായ വിന്‍സന്റ് വാന്‍ ഗോഗ്, മോനെ, മറ്റിസെ എന്നിവരുടെ സൃഷ്ടികളും ഇതില്‍ ഉള്‍പെടും. ഈ മാസാവസാനത്തോടെ ഇവ പൊതുജനങ്ങള്‍ക്ക് കാണാമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ പതിനൊന്ന് സൃഷ്ടികള്‍ സ്ഥിരമായും 40 എണ്ണം താല്‍ക്കാലികമായുമാണ് എത്തിച്ചിരിക്കുന്നത്.
വിന്‍സന്‍റ് വാന്‍ ഗോഗ് 1888 ല്‍ വരച്ച ദ് ബാള്‍റൂം അറ്റ് ആര്‍ലെസ് എന്ന ചിത്രമാണ് ഇതിലൊന്ന്. 1112 നൂറ്റാണ്ടുകളില്‍ നിര്‍മിച്ച ചൈനയില്‍നിന്നുള്ള ബുദ്ധ ശില്‍പം അടക്കം വിവിധ രാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ സൃഷ്ടികള്‍ മ്യൂസിയത്തെ സമ്പന്നമാക്കുന്നു.
ലോക പ്രശസ്ത മ്യൂസിയങ്ങളുമായുള്ള കരാറനുസരിച്ച് കൈമാറ്റം ചെയ്ത് എത്തിയ 40 സൃഷ്ടികളും സന്ദര്‍ശകര്‍ക്ക് പുതുമ പകരും. കലയുടെയും സംസ്കാരത്തിന്റെയും വിസ്മയങ്ങളുമായി 2017 നവംബര്‍ എട്ടിന് തുറന്ന ലൂവ്‌റ് മ്യൂസിയത്തില്‍ ഇതോടകം വിവിധ രാജ്യങ്ങളില്‍നിന്നുള്ള അപൂര്‍വ കലാസൃഷ്ടികള്‍ എത്തിച്ചിരുന്നു.
പാരീസിലെ ലൂവ്‌റ് മ്യൂസിയവുമായി സഹകരിച്ച് സജ്ജമാക്കിയ മ്യൂസിയം മാനവരാശിയുടെ 12 കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുംവിധം 12 ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്. ലിയാനാഡോ ഡാവിഞ്ചിയുടെ ലാ ബെല്ലാ ഫെറോനീയ, ബെല്ലിനിയുടെ മഡോണയും കുട്ടിയും തുടങ്ങി ലോകോത്തര കലാസൃഷ്ടികള്‍ ലൂവ്‌റ് അബുദാബിയെ സവിശേഷമാക്കുന്നു. ഇതുകൂടാതെ വിവിധ സമയങ്ങളിലെ പ്രത്യേക പ്രദര്‍നങ്ങളും മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പുതുമ സമ്മാനിക്കുന്നു.  

 

Latest News