Sorry, you need to enable JavaScript to visit this website.

മി ടൂ: ശ്രുതി ഹരിഹരനെതിരേ  അഞ്ച് കോടിയുടെ  മാനനഷ്ടക്കേസ്

യുവനടി ശ്രുതി ഹരിഹരനെതിരേ നടന്‍ അര്‍ജുന്‍ സര്‍ജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. മീ ടൂ കാമ്പെയിനിന്റെ ഭാഗമായി ശ്രുതി ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് അര്‍ജുന്‍ കോടതിയെ സമീപിച്ചത്. ബെംഗളൂരൂ സിറ്റി സിവിന്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം.
എന്നാല്‍, ആരോപണങ്ങള്‍ അര്‍ജുന്‍ നേരത്തെ നിഷേധിച്ചിരുന്നു. ആരോപണങ്ങളില്‍ ഞാന്‍ ദുഃഖിതനാണ്. ഒരിക്കല്‍ പോലും ഞാനൊരു സ്ത്രീയെ മോശം ഉദ്ദേശം വച്ച് തൊട്ടിട്ടില്ല. മീ ടൂ മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും- അര്‍ജുന്‍ പറഞ്ഞു.
ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജുന്‍ സിനിമയിലെ വലിയ താരമായിരിക്കാം. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രുതി അനുഭവിച്ച വേദനയും നിസ്സഹായാവസ്ഥയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. അര്‍ജുന്‍ ആരോപണങ്ങള്‍ നിഷേധിച്ചാലും ആ ദിവസം ശ്രുതി അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞാല്‍ അത് നന്നായിരിക്കും-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
എന്നാല്‍ അര്‍ജുനെ പിന്തുണച്ച് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തുവന്നു. അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യമായി എല്ലാവരോടും ഇടപഴകുന്ന വ്യക്തിയാണെന്നും അരുണ്‍ പറയുന്നു. കൂടുതല്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ താന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ അത് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടതായും അരുണ്‍ വ്യക്തമാക്കി.

Latest News