Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

അങ്ങിനെ ഞങ്ങൾ മൂന്ന് സഹോദരിമാർക്കും ഒരു ജ്യേഷ്ഠനുമുണ്ടായി, ഇന്നുമുണ്ട്… എന്നും ഉണ്ടായിരിക്കും

ബാലൻ എന്ന് ഞാൻ ഇപ്പോൾ വിളിക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനെ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ സഹപാഠിനിയായ ലീല വായിച്ചു കേൾപ്പിച്ച കവിതകളിലൂടെയാണ് ആദ്യം പരിചയപ്പെടുന്നത്. ലീല മഹാകവി അക്കിത്തത്തിൻറെ മകളാണ്. പിന്നെ ബാലചന്ദ്രൻ എഴുതിയതെന്തായാലും വായിക്കുക എന്നതൊരു ഒഴിവാക്കാനാവാത്ത ശീലമായി മാറി. ഞാൻ കോളേജിൽ പഠിക്കുമ്പോൾ അവിടെ കവിയരങ്ങിന് വന്ന ബാലൻ ഒരു സിനിമാ താരമായിരുന്നു. അല്പം മേക്കപ്പ് ഒക്കെയിട്ട, വെട്ടിത്തിളങ്ങുന്ന തലമുടിയുള്ള ഒരു സുന്ദരക്കുട്ടപ്പൻ.. ബാലൻറെ അടുത്ത സുഹൃത്തായ ക്രിസ്തു മതവിശ്വാസിയൂമൊത്താണ് ഒന്നിച്ചു ജീവിക്കാൻ വേണ്ട രജിസ്‌ട്രേഷൻ ഞാൻ നടത്തീരുന്നത്. എന്നാൽ വളരെക്കാലം കഴിഞ്ഞു മാത്രമേ ഞങ്ങൾ പാർക്കുന്ന വീട്ടിലേക്ക് ബാലൻ കടന്നു വന്നുള്ളൂ. ബാലൻറെ സുഹൃത്തിനൊപ്പം ഞാൻ ജീവിക്കുന്നത് കവിക്ക് ഒട്ടും പഥ്യമായിരുന്നില്ല. എന്നേക്കാൾ ഒത്തിരി മുതിർന്ന ഒരു ടീച്ചർ അനവധിക്കാലം കവിയുടെ സുഹൃത്തിനെ ഗാഢമായി സ്നേഹിച്ചിരുന്നത് കൊണ്ട് അവരാവണം എൻറെ സ്ഥാനത്ത് വേണ്ടിയിരുന്നതെന്ന് ബാലൻ ഉറച്ചു വിശ്വസീച്ചു. എന്നോട് ഒരടുപ്പവും ബാലൻ കാട്ടിയില്ല. പുളിശ്ശേരി, ചമ്മന്തി, ചെറുപയറു തോരൻ , പപ്പടം ഇതൊക്കെ ബാലൻ ഉണ്ടാക്കി. എന്നോട് ഒരു മര്യാദച്ചിരി ചിരിച്ചു. എന്നാൽ ഒരക്ഷരം സംസാരിച്ചില്ല. ചോറുണ്ടശേഷം ഗസൽ എന്ന കവിത ആലപിച്ചു. ഇരുട്ടും മുമ്പേ ബാലൻ പോവുകയും ചെയ്തു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഒരു ക്രിസ്തുമസ് ഈവിനാണ് ബാലനും വിജിയും അപ്പൂവും കൂടി വന്നത്. നിറനിലാവും തണുപ്പും ഉണ്ടായിരുന്ന ആ രാത്രി മുഴുവൻ ബാലൻ സ്വയം മറന്ന് കവിതകൾ ചൊല്ലി കേൾപ്പിച്ചു.

വിജി യാതൊരു വെച്ചുകെട്ടും മറവുമില്ലാതെ എന്നോട് സംസാരിച്ചു. ഞാനും മനസ്സു തുറന്ന് വിജിയോട് ജീവിതം പങ്കു വെച്ചു. വിജിയെ എൻറെ അച്ഛൻ പെങ്ങൾ കോളേജിൽ പഠിപ്പിച്ചിരുന്നു. അളവൊപ്പിച്ച് കൃത്യമായി തുന്നിയ ഒരു മൃദുലമായ പാവാടയുടുക്കാൻ അന്നൊക്കെ എത്ര കൊതിച്ചിട്ടുണ്ടെന്നും മറ്റും വിജി ആ രാത്രി എന്നോട് പറഞ്ഞു. വിജിയുടെ ഒരനിയത്തിയുതെ പേര് രാജലക്ഷ്മി എന്നാണെന്നും അനിയത്തിയെ രാജാവ് എന്നാണ് വിളിക്കുകയെന്നും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു. എൻറെ അനിയത്തി റാണിയാണെന്നും ചിരിക്കിടയിൽ ഞാൻ പറയാതിരുന്നില്ല വിജി അപാരമായ ബുദ്ധിശക്തിയും നിരീക്ഷണ പാടവവുമുള്ള സ്ത്രീയാണെന്ന് ഞാൻ അതിവേഗം മനസ്സിലാക്കി. ഞാൻ ജീവിതം പങ്കിട്ടയാളിൻറെ വലിയ തറവാട്ട് ഭവനത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ മനസ്സിലും എനിക്ക് ഒരു കൂലിപ്പണിക്കാരിയുടെ സ്ഥാനമോ അവകാശമോ പോലും ഉണ്ടായിരുന്നില്ല. അവിടത്തെ ജോലീക്കാർ കൂടി എന്നോട് സംസാരിക്കുകയോ എന്നെ അനുസരിക്കൂകയോ ഇല്ലായിരുന്നു. ഒരു കൊടിച്ചിപ്പട്ടിയുടെ വില മാത്രമേ എനിക്ക് അവിടെ കീട്ടിയിരുന്നുള്ളൂ. ക്രിസ്തുമസ് ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങൾ തനിച്ചായപ്പോൾ വിജി എന്നോട് പറഞ്ഞു. ബാലയുടെ വീട്ടുകാർ എന്നോടിങ്ങനെ പെരൂമാറിയാൽ ബാല വീട്ടിൽ മഹാഭാരതയുദ്ധം നടത്തും. ഞാൻ ഇത്ര അപമാനമൊന്നും സഹിക്കാൻ ബാല സമ്മതിക്കില്ല. …

ഞാൻ വിജിയുടെ മുഖത്ത് നോക്കി വെറുതേ ചിരിച്ചു. അത് കഴിഞ്ഞധികം വൈകാതെ ഞാനും ബാലൻറെ സുഹൃത്തും തമ്മിൽ പിരിഞ്ഞു. ഏകപക്ഷീയമായി എൻറെ മാത്രം ഉത്തരവാദിത്തത്തിലായിരുന്നു അത്. പീന്നീട് അതീവ രോഷാകുലനായ ബാലൻറെ പ്രവൃത്തികളെയാണ് എനിക്ക് നേരിടേണ്ടി വന്നത്. ബാലൻറെ സകല കഴിവും സ്വാധീനവും എന്നെ പാഠം പഠിപ്പിക്കാനും സ്വന്തം സുഹൃത്തിനെ രക്ഷിക്കാനുമായി ബാലൻ വിനിയോഗിച്ചു. എൻറെ ദൂരിതങ്ങൾ അങ്ങനെ വർഷങ്ങളിൽ നിന്ന് വർഷങ്ങളിലേക്ക് നീണ്ടു. ഒരു കോടതിയിൽ നിന്ന് പല കോടതികളിലേക്ക് ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നു. സ്വത്തിനും പണത്തിനുമല്ല, ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനു വേണ്ടി മാത്രമായിരുന്നു എൻറെ സമരം. അപ്പോഴാണ് ഞങ്ങൾക്ക് തമ്മിൽ കാണാനുള്ള ഒരവസരം വീണുകിട്ടിയത്. ജസ്റ്റീസ് ഭാസ്‌കരൻറെ നിർബന്ധത്തിലായിരുന്നു അത്. അതീനകം ബാലൻ പറ്റാവുന്ന അനാവശ്യങ്ങളൊക്കെ സ്വന്തം സുഹൃത്തിനൊപ്പം ചേർന്ന് എന്നെ വിളിച്ചു കഴിഞ്ഞിരുന്നു. എങ്കിലും പിറ്റേന്ന് ബാലൻ എന്നെ കാണാൻ വന്നു. എനിക്ക് പറയാനുള്ളത് മുഴുവനും ക്ഷമയോടേ കേട്ടു. സ്വന്തം തെറ്റിദ്ധാരണകൾ നിമിത്തം എന്നോടു ചെയ്തു പോയ തെറ്റുകൾ ഏറ്റുചൊല്ലി മാപ്പുപറഞ്ഞു. എന്നോട് ഓരോ തെറ്റു ചെയ്യുമ്പോഴും വിജി അരുതെന്ന് വിലക്കിയത് കേട്ടില്ലല്ലോ എന്ന് ബാലൻ പരിതപിച്ചു. അന്ന് മുതൽ ഞങ്ങൾ മൂന്ന് സഹോദരിമാർക്കും ഒരു ജ്യേഷ്ഠനുണ്ടായി. … ഇന്നുമുണ്ട്… എന്നും ഉണ്ടായിരിക്കുകയും ചെയ്യും…

Latest News