ദല്‍ഹിയില്‍ മദ്രസാ വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന സംഭവം; പിന്നില്‍ ഹിന്ദുത്വരെന്ന് സംശയം

ന്യുദല്‍ഹി- ദല്‍ഹി മാളവ്യ നഗറിലെ ഒരു മദ്രസയിലെ എട്ടു വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ സമീപത്തെ മൈതാനത്ത് കളിക്കുന്നതിനിടെ മുതിര്‍ന്ന ഏതാനും കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളെന്ന് സംശയം. മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രദേശവാസികളുടെ മതവിദ്വേഷ അക്രമങ്ങള്‍ പതിവായിരുന്നതായും പോലീസില്‍ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും റിപോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ബീഗംപൂര്‍ ജാമിഅ ഫരീദിയ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസീം (എട്ട്) പുറത്ത് നിന്നെത്തിയ സ്വദേശികളായ ഏതാനും മുതിര്‍ന്ന കുട്ടികളുടെ മര്‍ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഹരിയാനയിലെ മേവാത്ത് സ്വദേശിയാണ് മരിച്ച അസീം. മദ്രസയുടെ തന്നെ മൈതാനത്ത് വച്ചായിരുന്നു സംഭവം. 

പ്രദേശത്ത് കളിക്കാന്‍ വേറെ സ്ഥലമില്ലെന്നു പറഞ്ഞ് മദ്രസയുടെ മൈതാനത്ത് കളിക്കാന്‍ പുറത്തു നിന്നെത്തിയ കുട്ടുകളാണ്് തര്‍ക്കമുണ്ടാക്കിയത്. തടയാന്‍ ശ്രമിച്ച് മദ്രസ വിദ്യാര്‍ത്ഥികളെ ഇവര്‍ അക്രമിക്കുകയായിരുന്നു. കശപിശയ്ക്കിടെ പുറത്ത് നിന്നുള്ള കുട്ടികള്‍ വന്ന് കല്ലെറിഞ്ഞും പടക്കമെറിഞ്ഞും അസീമിനെ പിടികൂടി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്രസ അധ്യാപകരെത്തി അക്രമിസംഘത്തിലെ രണ്ടു കുട്ടികളെ പിടികൂടിയെങ്കിലും അവരെ പറഞ്ഞു വിട്ട മുതിര്‍ന്നവരെത്തി മോചിപ്പിച്ചു കൊണ്ടു പോകുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പങ്കുള്ള നാലു കുട്ടികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. 

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇവിടെ വിദ്വേഷ ആക്രമണം പതിവാണെന്ന് പരാതിയുണ്ട്. പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന മദ്രസക്കും പള്ളിക്കുമെതിരെ പലതരത്തിലുള്ള അതിക്രമങ്ങളും നടക്കുന്നുണ്ട്. മദ്രസാ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിനു പുറമെ പള്ളിയിലേക്ക് കു്പ്പിയെറിഞ്ഞും നമസ്‌ക്കാര സമയത്ത് പടക്കം പൊട്ടിച്ച് കോലാഹമുണ്ടാക്കിയും ഒരു വിഭാഗം കടുത്ത മതവിദ്വേഷ അതിക്രമങ്ങള്‍ നടത്തി വന്നിട്ടും പോലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
 

Latest News