ദേശീയ പുരസ്‌കാരം നേടിയ  ആളൊരുക്കം ഐ.എഫ്.എഫ്.കെയില്‍ നിന്ന് പുറത്ത് 

സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ഇനി ചെയ്യില്ലെന്ന് ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ്. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള പുരസ്‌കാരവുമടക്കം നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയ ആളൊരുക്കം ഐ.എഫ്.എഫ്.കെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. രാഷ്ട്രപതിയില്‍ നിന്ന് ദേശീയ പുരസ്‌കാരം വേദിയില്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ നേരിട്ടതെന്നും അഭിലാഷ് പറഞ്ഞു.
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനങ്ങള്‍ കൊണ്ടും മൂടിയതെല്ലാം വ്യാജമായിരുന്ന പ്രകടനങ്ങളായിരുന്നോയെന്നും അഭിലാഷ് ചേദിക്കുന്നു. താരമൂല്യം കുറവുള്ള അഭിനേതാക്കളെ വച്ച് കുറഞ്ഞ ബജറ്റിലായിരുന്നു ആളൊരുക്കം ചെയ്തത്. താരമൂല്യം കുറവായതുകൊണ്ട് തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ലഭിച്ച തിയ്യറ്ററുകളുടെ എണ്ണം വളരെ ചുരുക്കം ആയിരുന്നു. ചിത്രം തിയ്യറ്ററുകളില്‍ വന്നതിന് ശേഷമാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. അതിന് ശേഷം ചിത്രം നന്നായിരുന്നെന്ന് നിരവധി പേര്‍ പ്രതികരിച്ചിരുന്നു. ആളൊരുക്കം സംസ്ഥാന ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അത് കുറച്ച് അധികം ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷകളാണ് ഇപ്പോള്‍ തച്ചുടയ്ക്കപ്പെട്ടതെന്ന് അഭിലാഷ് പറയുന്നു.
ജനകീയ ചിത്രങ്ങള്‍ക്ക് വരെ ഇടം നല്‍കിയ ചലചിത്ര അക്കാദമി നവാഗതര്‍ക്കും ഇത്തവണ അവസരം നല്‍കി. പക്ഷേ ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ 4 വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും, 8 വിഭാഗങ്ങളിലായി പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡും, 2 വിഭാഗങ്ങളില്‍ അടൂര്‍ഭാസി പുരസ്‌കാരവും വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനവും നടത്തിയ ആളൊരുക്കത്തിന് കേരളത്തില്‍ അവസരം നിഷേധിച്ചു. ഇതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. സിബി മലയില്‍ പോലെ പ്രശസ്തനായ സംവിധായകന്‍ അടക്കമുള്ള സമിതിയാണ് ആളൊരുക്കം ഐഎഫ്എഫ്‌കെയില്‍ അവസരം നിഷേധിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഏറെ മനോവിഷമം ഉണ്ടെന്നും അഭിലാഷ് വിശദമാക്കുന്നു.
ഈ ചിത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സിബി മലയില്‍ നല്‍കിയ മറുപടി സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ആണ് ചിത്രം നേടിയത് എന്നായിരുന്നു. ഇന്ദ്രന്‍സ് എന്ന നടന് ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പുരസ്‌കാരം നല്‍കിയതാണ് പക്ഷേ ഐഎഫ്എഫ്‌കെയില്‍ ഇടം നല്‍കിയില്ലെന്നും അഭിലാഷ് പറയുന്നു. ഇന്ത്യന്‍ പനോരമയ്ക്ക് ചിത്രം അയച്ച് നല്‍കിയിട്ടുണ്ടെങ്കിലും അവിടെ പരിഗണിക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ദേശീയ അവാര്‍ഡ് വിതരണ സമയത്തെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അവസരം നിഷേധിക്കാനുള്ള സാധ്യത ഏറെയാണെന്നും അഭിലാഷ് പറയുന്നു.
ഇതേ ചിത്രം അന്യഭാഷയിലോ വിദേശഭാഷകളിലോ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അത് ഇവിടെ പ്രദര്‍ശിപ്പിക്കുമായിരുന്നുവെന്നും അഭിലാഷ് പറയുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത് ചിത്രത്തെയും ഇന്ദ്രന്‍സിനേയും കൊന്ന് സ്‌നേഹിച്ച ആളുകള്‍ സ്വന്തം ദേശത്ത് അവസരം നിഷേധിച്ചതിന്റെ യുക്തി മനസിലാവുന്നില്ലെന്നും അഭിലാഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം അവാര്‍ഡ് കിട്ടിയ ചിത്രങ്ങളില്‍ ഒന്നാണ് ആളൊരുക്കമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. പദാനുപദം കോപ്പിയടിയാണെന്ന് ആരോപിക്കപ്പെട്ട സിനിമയ്ക്ക് വരെ മേളയില്‍ അവസരം ലഭിച്ചു. ജനകീയ സിനിമകള്‍ മാത്രമാണ് മേളയിലേക്ക് തിരഞ്ഞെടുത്തതെന്ന അഭിപ്രായമില്ല, പക്ഷേ ചില സിനിമകള്‍ ഒഴിവാക്കാമായിരുന്നു.അവാര്‍ഡ് ലഭിച്ചതിന് ശേഷം ഏറെ പ്രശംസിക്കപ്പെട്ട ചിത്രം പ്രേക്ഷകര്‍ക്ക് കാണാനുള്ള ഒരു അവസരമാണ് അക്കാദമി നിഷേധിച്ചതെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

Latest News