Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റദ്ദൂച്ച, നിങ്ങളറിയുന്നുണ്ടോ? നമ്മുടെ കുട്ടികൾ ആ ഭരണം പിടിച്ചെടുത്തിരിക്കുന്നു

കാസര്‍കോട്- അന്തരിച്ച മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ പി.ബി അബ്ദുറസാഖിനെ അനുസ്മരിച്ച് ലീഗ് വിദ്യാർഥി സംഘടനയായ എം.എസ്.എഫ് മുൻ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി. കാസർകോട് എൽ.ബി.എസിന്റെ ഭരണം എം.എസ്.എഫ് പിടിച്ചെടുത്ത വേളയിലാണ് കരീം കുനിയ എന്ന എം.എസ്.എഫ് മുൻ നേതാവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. കടുത്ത പോലീസ് മർദ്ദനത്തിന് എം.എസ്.എഫ് പ്രവർത്തകർ ഇരയായ വേളയിൽ റദ്ദുച്ച എന്ന അബ്ദുറസാഖ് നൽകിയ സ്‌നേഹവും കരുതലും ഓർത്തെടുക്കുന്നതാണ് എം.എസ്.എഫ് നേതാവിന്റെ പോസ്റ്റ്.

പോസ്റ്റ്

നിങ്ങൾ കാണുന്നില്ലേ....

ഒരു പതിറ്റാണ്ട് മുൻപാണ്. 
ഞാൻ msf കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌. കാസറഗോഡ് LBS എഞ്ചിനീയറിംഗ് കോളേജിൽ sfi ആക്രമത്തിൽ പരിക്കേറ്റ msf -ksu പ്രവർത്തകരെ കാസറഗോഡ് കെയർ വെൽ ഹോസ്പിറ്റലിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. പലരും രക്തം വാർന്ന് അവശ നിലയിലാണ്. പലരുടെയും കയ്യൊടിഞ്ഞിരിക്കുന്നു. മറ്റു ചിലരുടെ കാലൊടിഞ്ഞിരിക്കുന്നു. ചിലരുടെ കയ്യും കാലും ഒടിഞ്ഞിരിക്കുന്നു. 
ഏറ്റവും ഗുരുതരമായ പരിക്കുപറ്റി LBS യൂണിറ്റ് നേതാവ് താജുദ്ധീൻ കുണിയ അബോധാവസ്ഥയിൽ കിടക്കുന്നു. മംഗലാപുരത്തേക്ക് മാറ്റണോ എന്ന ആലോചന. ഞങ്ങൾ ksu -msf ഭാരവാഹികൾ അന്നേരം രാത്രി കാസറഗോഡ് ടൗണിൽ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു. പോലീസ് അനുമതി ഇല്ലെന്ന കാരണം പറഞ്ഞ് താലൂക്ക് ഓഫീസിന്റെ മുന്നിലിട്ട് പോലീസ് ഞങ്ങളെ തല്ലിച്ചതക്കുന്നു. 
പോലീസ് ജീപ്പിലിട്ടും മർദ്ദനം. പ്രശ്നം രൂക്ഷമാകും എന്ന് വന്നതോടെ ഞങ്ങളെ സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടു. തിരിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഞാനുൾപ്പെടെ msf ksu ജില്ലാ ഭാരവാഹികളിൽ പലർക്കും നേരാംവണ്ണം നടക്കാൻ പോലും കഴിയുന്നില്ല. അത്രയ്ക്ക് ക്രൂരമായിരുന്നു കാക്കി അണിഞ്ഞ പഴയ കുട്ടിസഖാക്കളായ പോലീസ്കാരുടെ മർദ്ദനം.

ഹോസ്പിറ്റലിൽ എത്തി. പിറ്റേ ദിവസം കാസറഗോഡ് താലൂക്കിൽ udf ഹർത്താൽ. മുഖ്യമന്തി vs അച്യുതാനന്ദന്റെ കാസറഗോഡ് ജില്ലയിലെ പരിപാടികൾ മാറ്റി വെച്ചു. ലീഗ് കോൺഗ്രസ്‌ നേതാക്കൾ ഹോസ്പിറ്റലിൽ എത്തിക്കൊണ്ടിരിക്കുന്നു. കുഞ്ഞാലികുട്ടി സാഹിബ്‌ പോലും എത്തി. ഇടയിൽ വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ചു ഒരാൾ കൂടി വന്നു. മർദ്ദനമേറ്റ msf ksu പ്രവർത്തകരുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ ഹോസ്പിറ്റലിന്റെ പുറത്തെ മതിലിൽ ഇരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് ആ മനുഷ്യൻ വന്നു.

എനിക്കിപ്പഴും ഓർമയുണ്ട്.
ഇരുട്ടിൽ വന്ന ആ മനുഷ്യൻ ആദ്യം ചോദിച്ചത്
" കുണിയ ഓടുത്തോ " എന്നാണ്.
ഇരുട്ടിൽ നിന്ന് എഴുനേറ്റ് അരികിലേക്ക് മുടന്തി മുടന്തി പോയ എന്നെ ചേർത്തു പിടിച്ചു. 
"ബേജാറാക്കണ്ട. ഞങ്ങോ ഉണ്ട്. ആശുത്രിലെ പണി കഴിഞ്ഞിട്ട് പൊരക്ക് ബാ. ഞമ്മക്ക് ഒരു തീരുമാനം ഉണ്ടാക്കാം. ഇങ്ങനെ ആയെങ്കിൽ ഞമ്മളെ പുള്ളര്ക്ക് പഠിക്കണ്ടേ " അപ്പഴും എന്നെ ചേർത്തു പിടിച്ചിരുന്നു. ആ ചേർത്തു പിടിക്കലിൽ കരുതലും ആശ്വാസവും ധൈര്യവും വന്നു ചേരുന്നത് ഞാൻ അറിഞ്ഞു. ആ ഒരു വാക്ക്.. ആ ചേർത്തു പിടിക്കൽ... അത് മതിയായിരുന്നു ഞങ്ങൾക്ക് ഉയർത്തെഴുനേൽക്കാൻ. ഒന്ന് പൊട്ടിക്കരഞ്ഞു സങ്കടങ്ങൾ തീർക്കാൻ... അത്ര മാത്രം മതിയായിരുന്നു. 
അയാൾ തുടർന്നു
" പുള്ളോ എന്തെങ്കിലും തുന്നിനാ? നീ ബദരിയക്ക് കൊണ്ടൊയിറ്റ് തുന്നാൻ മേങ്ങികൊടുക്ക്. " അദ്ദേഹത്തിന്റെ കാറിനടുത്തേക്ക് എന്നെ കൂട്ടികൊണ്ടു പോയി. കാറിൽ നിന്നും നൂറു രൂപയുടെ ഒരു കെട്ട് നോട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു,
" താൽക്കാലത്തെ ആവശ്യം നോക്ക്. പുള്ളേറേ ഒരു വണ്ടി വിളിച്ചു അവരവരുടെ പൊരക്ക് കൊണ്ടാക്കണം. മരുന്ന് വാങ്ങാനുള്ളവർക്ക് മരുന്ന് വാങ്ങി കൊടുക്കണം. പൈസ വേണമെങ്കിൽ എന്നെ വിളിക്കണം " എന്നിട്ട് കാറിൽ കയറി പോകുമ്പോൾ ഒരിക്കൽ കൂടി പറഞ്ഞു " രാവിലെ പൊരക്ക് വാ. ബേജാറാക്കണ്ട. ഞമ്മക്ക് വേണ്ടത് ചെയ്യാം ",... 
** ** ** ** ** ** ** **
കേസും കോടതിയും ഒളിവ് ജീവിതവും കൊണ്ട് പഠനം പോലും മുടങ്ങുന്ന അവസ്ഥ. 
msf പ്രവർത്തകർക്ക് പലർക്കും ഒരു മാസം കൊണ്ട് മൂന്നും നാലും കേസുകൾ. 
എല്ലാം ജാമ്യമില്ലാ വകുപ്പുകൾ. 
msf ജില്ലാ കമ്മിറ്റിയും സാമ്പത്തികമായി ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഘട്ടം. അതിനിടയ്ക്കാണ് നിരന്തരം LBS ൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. 
അതിനിടയിൽ ചെക്കളം ടൗണിൽ മുസ്ലിം ലീഗ് സമ്മേളനം. ഇന്നത്തെ MLA pk ബഷീർ സാഹിബ്‌ നെ ഉത്തര കേരളത്തിലെ സാധാരണ ലീഗ് പ്രവർത്തകർ കേട്ട് തുടങ്ങിയ കാലം. 
ബഷീർ സാഹിബ്‌ ആ പരിപാടിയിൽ പ്രസംഗിക്കുന്നു. ഞാനും msf അന്നത്തെ ജില്ലാ ജനറൽ സെക്രട്ടറി Najeeb MA, ജില്ലാ ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിരമായി ചെർക്കളയിൽ എത്താൻ പറഞ്ഞു. Lbs msf നേതാക്കളും എത്തി. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ LBS കോളേജ് msf ന് ഫണ്ട്‌ സ്വരൂപിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ 4 ബക്കറ്റും വാങ്ങി പിരിവ് തുടങ്ങി. പിരിവ് അവസാനിപ്പിച്ചു സമ്മേളനത്തിലെ പ്രവർത്തകർക്ക് പിന്നിൽ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തവേ സ്റ്റേജിൽ നിന്നിറങ്ങി അയാൾ നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു. 
"കുണിയേ, ഉസാറാക്കീന്. പൈസ എത്ര കിട്ടി?" എന്നിട്ട് അദ്ദേഹത്തിന്റെ കീശയിൽ നിന്നും ഉണ്ടായ നോട്ടുകൾ എല്ലാം പെറുക്കി എടുത്തു. ഏകദേശം 4000 രൂപയോളം ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ. 
" ഇന്നാ.. ഇത് ആ ബക്കറ്റിൽ ഇട്. പൈസ തേഞ്ഞില്ലെങ്കിൽ ചോദിക്കണം " 
ഞങ്ങളുടെ ദേഹത്ത് തട്ടി.
" ഉസാറാക്കണം. ബിട്ടു കൊടുത്തർണ്ട " അത്രയും പറഞ്ഞു ആ നേതാവ് കാറിൽ കയറിപ്പോയി..

ഈ ധൈര്യത്തിന്റ, ആശ്വസിപ്പിക്കലിന്റെ, സാമ്പത്തിക സഹായത്തിന്റെ, കാരുണ്യത്തിന്റെ, ചേർത്തു പിടിക്കലിന്റെ പേരായിരുന്നു #റദ്ദുച്ച, എന്ന PB അബ്ദുൽ റസാഖ് MLA. (അന്ന് mla അല്ല. ജില്ലാ മുസ്ലിം ലീഗന്റെ ഒരു സഹ ഭാരവാഹി മാത്രം )

LBS എഞ്ചിനീയറിംഗ് കോളേജിൽ msf ജയിക്കുന്ന ദിവസം സ്വപ്നം കണ്ടൊരു മനുഷ്യൻ.

#റദ്ദുച്ച, 
നിങ്ങൾ കാണുന്നില്ലേ,
നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു.
രണ്ട് പതിറ്റാണ്ട് കാലം നീണ്ട ചെറുത്തു നിൽപ്പിനൊടുവിൽ നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ചരിത്രം മാറ്റിയെഴുതിയിരിക്കുന്നു. നിങ്ങളും ഞാനുമൊക്കെ ഒരുപാട് സ്വപ്നം കണ്ട ആ ദിവസം... 
വെറുതെ ആഗ്രഹിച്ചു പോയി, 
നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ...

Latest News