കൽപ്പറ്റ- ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, വയനാട് ജില്ലാ നാസിം, കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രദേശിക അമീർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഭൂപതി അബൂബക്കർ ഹാജി നിര്യാതനായി. സാമൂഹിക പ്രവർത്തകനും പ്രമുഖ വ്യാപാരിയുമായിരുന്ന അബൂബക്കർ ഹാജി അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും മായിരുന്നു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടച്ചു.
നെടുങ്കണ്ടത്തിൽ കോയപ്പെരി,കുഞ്ഞാമിന ദമ്പതികളുടെ മകനായി 1924 ൽ, പുരാതന ശൈഖ് കുടുംബത്തിലെ അംഗമായി കുന്ദമംഗലത്ത് ജനിച്ചു. ഇന്റർമീഡിയറ്റ് പൂർത്തികരിച്ചതോടൊപ്പം കുന്ദമംഗലത്തെ ഓത്തുപളളി, കാരന്തൂർ പള്ളിദർസ് എന്നിവിടങ്ങളിൽ നിന്ന് മതവിദ്യാഭ്യാസവും നേടി. കുന്ദമംഗലം മാപ്പിള എൽ.പി സ്‌കൂൾ, ജെ.ഡി.റ്റി ഇസ്ലാം എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
പിന്നീട് പിതാവിന്റെ പാരമ്പര്യം പിന്തുടർന്ന്, ജ്യേഷ്ഠ സഹോദരങ്ങൾക്കൊപ്പം വ്യാപാര രംഗത്ത് സജീവമായി. കുന്ദമംഗലം, വയനാട് ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തും ഭൂപതി സോപ്പ് കമ്പനി, ഭൂപതി ബീഡി, ആരതി ബ്ലു ഏജൻസി, സ്‌റ്റേഷനറിയുടെ മൊത്തവ്യാപാരം തുടങ്ങിയ ബിസിനസ് സംരംഭങ്ങൾക്ക് സഹോദരങ്ങളോടൊപ്പം നേതൃത്വം നൽകി.
1979 മുതൽ കല്പറ്റ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. കല്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ,കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പള്ളി നിർമ്മാണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചു. വിവിധ റിലീഫ് വിംഗുകൾക്കും, പലിശരഹിത നിധിക്കും നേതംത്വം നൽകി. പിണങ്ങോട് ഇസ്ലാമിയ്യ കോളേജ് മുൻ ചെയർമാൻ, കൽപറ്റഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ബത്തേരി ഐ. എം. ടി ട്രസ്റ്റ് ചെയർമാൻ ,കുന്ദമംഗലം സക്കാത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് , കുന്നമംഗലം ഇസ്ലാമിക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, കുന്നമംഗലം മാകുട്ടം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ് അംഗം, കുന്നമംഗലം മസ്ജിദുൽ ഇഹ്‌സാൻ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡണ്ട്,
കുന്ദമംഗലം വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ പരേതയായ കുഞ്ഞീബി ഹജ്ജുമ്മ. മക്കൾ: ആമിന, ഫാത്തിമ, എൻ ഫസലു റഹമാൻ, ഖദീജ, എൻ സദഖത്തുല്ല, ശരീഫ, എം.സിബഗത്തുല്ല, എം കെ .സാലിഹ്, എം കെ അമീൻ, ഷഹർബാനു.എൻ.മൻസൂർ ഹുസ്‌ന, എം കെ .മുഹ്‌സിൻ, എം കെ .സലീൽ, പരേതനായ എം കെ . ശാക്കിർ്.
മരുമക്കൾ: മുഹമ്മദ് വെള്ളിമാട്കുന്ന് , കെ വി.ജമാലുദ്ദീൻ കുനിയിൽ, അഷ്‌റഫ് വെള്ളിമാട്കുന്ന്.ശറഫുദീൻ ഇന്ത്യനൂർ, ജമീല, സൗദ, ബി. മഫീദ, മാജിദ, സഫീറ, ജലീസ ,റജിമോൾ, ജാസ്മിൻ, പരേതരായ കെ.മരക്കാർ ചാത്തമംഗലം, സി കെ.അബൂബക്കർ പിണങ്ങോട്.