ജിദ്ദ - ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ സുരക്ഷാ വകുപ്പുകളും മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖയും സഹകരിച്ച് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രശസ്തമായ വാണിജ്യ കേന്ദ്രത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി നിയമ ലംഘനങ്ങൾ നടത്തിയതായി പറഞ്ഞ് പണം പിടുങ്ങുകയാണ് പ്രതി ചെയ്തത്. തട്ടിപ്പുകാരനാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് പ്രതിയെ കുറിച്ച് സൗദി പൗരൻ അൽസലാമ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തങ്ങളുടെ വ്യാപാര സ്ഥാപനത്തിലെത്തിയ അജ്ഞാതൻ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പറഞ്ഞ് നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ഇനത്തിൽ 400 റിയാൽ പണമായി കൈപ്പറ്റുകയായിരുന്നെന്നാണ് സൗദി പൗരൻ പോലീസിൽ പരാതിപ്പെട്ടത്. പണം കൈപ്പറ്റിയ വിരുതൻ വ്യാജ രസീതിയാണ് സ്ഥാപന അധികൃതർക്ക് നൽകിയത്. ഔദ്യോഗിക വാഹനമില്ലാതെയാണ് വിരുതൻ വാണിജ്യ കേന്ദ്രത്തിൽ എത്തിയത്. മുഖത്തെ പരിഭ്രമം ഇയാളുടെ കാര്യത്തിൽ സൗദി പൗരന് സംശയമുണ്ടാക്കി. ഇതാണ് ഇയാളെ കുറിച്ച് പോലീസിൽ അറിയിക്കാൻ സൗദി പൗരനെ പ്രേരിപ്പിച്ചത്.
സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ച ദൃശ്യങ്ങളും പരാതിക്കാരൻ പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാത്രിയാണ് പ്രതി അറസ്റ്റിലായത്. സമാനമായ രീതിയിൽ നഗരത്തിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പ്രതി പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.






